കളമശ്ശേരിയില്‍ കണ്ടെയ്നര്‍ ട്രെയ്ലര്‍ മേല്‍പാലത്തില്‍ കുടുങ്ങി

കളമശ്ശേരി: മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ വഴിതിരിച്ചുവിട്ട കൂറ്റന്‍ കണ്ടെയ്നര്‍ ട്രെയ്ലര്‍ റെയില്‍വേ മേല്‍പാലത്തില്‍ കുടുങ്ങി. കളമശ്ശേരി നഗരസഭക്ക് മുന്നില്‍നിന്ന് തിരിച്ചുവിട്ട ലോറി സൗത് കളമശ്ശേരി മേല്‍പാലത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് കുടുങ്ങിയത്. ദേശീയപാത യൂനിവേഴ്സിറ്റി സിഗ്നല്‍ ഭാഗത്ത് നടക്കുന്ന മെട്രോ നിര്‍മാണത്തിന്‍െറ പേരിലാണ് വാഹനം വഴിതിരിച്ചുവിട്ടത്. ഇതര സംസ്ഥാന വാഹനം ആയതിനാല്‍ വഴിയറിയാതെ പാലത്തില്‍ കുടുങ്ങുകയായിരുന്നു. പാലത്തിനടിയിലൂടെ ലോറിയുടെ ക്യാബിന്‍ കടന്നശേഷം കണ്ടെയ്നറിന്‍െറ മുന്‍ഭാഗം പാലത്തിന്‍െറ ബീമില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. മെട്രോ നിര്‍മാണത്തിന്‍െറ പേരില്‍ വഴിതിരിച്ചുവിടുന്ന ഇത്തരം വാഹനങ്ങള്‍ ഇതിനുമുമ്പും പാലത്തില്‍ ഇടിച്ച് തകര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനിടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ദേശീയപാത ഗതാഗതം തടസ്സപ്പെടുത്തി വാഹനം തിരിച്ചുവിടേണ്ടത് ട്രാഫിക് പൊലീസായിരിക്കണം. എന്നാല്‍, മെട്രോ തൊഴിലാളികള്‍ തന്നെ ആവശ്യമാകുന്ന ഘട്ടത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ഇതുമൂലം വഴിയറിയാത്ത വാഹനങ്ങള്‍ പലതും ചെറിയ റോഡുകളിലൂടെ കടന്ന് വൈദ്യുതി, ടെലഫോണ്‍ ലൈനുകള്‍ തകര്‍ക്കുന്നതും പതിവാണ്. പാലത്തില്‍ കുടുങ്ങിയ കണ്ടെയ്നര്‍ ട്രെയ്ലര്‍ ലോറി ക്രെയിന്‍ കൊണ്ടുവന്നാണ് നീക്കിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.