സിവില്‍ സ്റ്റേഷനില്‍ സുരക്ഷാവീഴ്ചയെന്ന്

കൊച്ചി: കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ നുഴഞ്ഞുകയറി ഒൗദ്യോഗിക രേഖകള്‍ ഫോട്ടോയെടുത്തത് വന്‍ സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടാംശനിയാഴ്ചയാണ് കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കലക്ടറേറ്റിലെ എസ്റ്റാബ്ളിഷ്മെന്‍റ് വിഭാഗത്തില്‍നിന്ന് ഒൗദ്യോഗിക രേഖകളുടെ പകര്‍പ്പുകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. സെക്യൂരിറ്റിക്കാര്‍ ഇയാളെ കാബിനില്‍ പൂട്ടിയിട്ട് കലക്ടറെയും എ.ഡി.എമ്മിനെയും വിവരം അറിയിച്ചെങ്കിലും അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുറന്നുവിടുകയായിരുന്നു. കലക്ടറേറ്റില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ ഒന്നടങ്കം ചൊവ്വാഴ്ച ഉച്ചവരെ പെന്‍ ഡൗണ്‍ സമരം നടത്തി പ്രതിഷേധിച്ചു. കലക്ടര്‍ എം.ജി. രാജമാണിക്യം വിളിച്ചുചേര്‍ത്ത സ്റ്റാഫ് കൗണ്‍സില്‍ മീറ്റിങ്ങിലും കലക്ടറേറ്റില്‍ അതിക്രമിച്ച് കയറിയയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഏതെല്ലാം ഒൗദ്യോഗിക രേഖകള്‍ ചോര്‍ന്നു എന്നത് സംബന്ധിച്ചും അന്വേഷണത്തിന് അധികൃതര്‍ തയാറായിട്ടില്ല. എസ്റ്റാബ്ളിഷ്മെന്‍റ് വിഭാഗത്തില്‍ നിന്ന് പിടിക്കപ്പെട്ട ഇയാള്‍ ജീവനക്കാര്‍ അവധി ദിനത്തിന്‍െറ മറവില്‍ ഓഫിസില്‍ മദ്യപിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ചാണ് പ്രാദേശിക ലേഖകന്‍ അകത്തുകടന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം. കലക്ടറേറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരുത്തുന്ന രീതിയില്‍ പുറമെനിന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് കലക്ടറുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.