ഫോര്‍ട്ട്കൊച്ചി; പുതിയ ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദനയാകുന്നു

മട്ടാഞ്ചേരി: 11 പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനുശേഷം ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍കരകളെ ബന്ധിപ്പിച്ച് പുതുതായി ആരംഭിച്ച ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദന. ആലപ്പുഴയിലെ കൈനകരിയില്‍നിന്ന് കൊണ്ടുവന്ന ബോട്ടിന്‍െറ കന്നിയാത്ര ഞായറാഴ്ച മേയറാണ് ഫ്ളാഗ് ഓഫ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ബോട്ടിന്‍െറ സൈലന്‍സറും അനുബന്ധ ഭാഗങ്ങളും കത്തിനശിച്ചു. ഇതേതുടര്‍ന്ന് 10 മണിക്കൂര്‍ സര്‍വിസ് നിലച്ചു. ചൊവ്വാഴ്ച രാവിലെ 7.30ഓടെ വീണ്ടും എന്‍ജിന്‍ നിലച്ചു. 10 മിനിറ്റുകൊണ്ട് തകരാര്‍ പരിഹരിച്ചെങ്കിലും യാത്രക്കാരുടെ ഭീതി മാറിയിട്ടില്ല. അതേസമയം, കപ്പല്‍ച്ചാലില്‍ വലിയ കപ്പല്‍ കണ്ടതിനെ തുടര്‍ന്ന് എന്‍ജിന്‍ ഓഫാക്കിയതാണെന്നാണ് ഡ്രൈവര്‍ വേണു പറയുന്നത്. കൊട്ടിഘോഷിച്ച് ബോട്ട് സര്‍വിസ് ആരംഭിച്ചെങ്കിലും അടിക്കടി യന്ത്രം അടിക്കടി പണിമുടക്കുന്നതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധവും ഒപ്പം ഭയവുമുണ്ട്. ബോട്ടില്‍ യാത്ര ചെയ്യാന്‍ കാര്യമായി ആളെ കിട്ടാതായതോടെ കഴിഞ്ഞ മൂന്നുദിവസമായി സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചത്. നേരത്തേ ബോട്ട് നീറ്റിലിറക്കിയ ആദ്യ ദിവസം മാത്രമാണ് മേയര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെ, ബാര്‍ജ് ബോട്ടാക്കി മാറ്റിയ നഗരസഭയുടെ നടപടി പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അതേസമയം, പുതിയ ബോട്ട് തകരാറാകുന്നതിന് പിന്നില്‍ പഴയ കരാറുകാരനെ സഹായിക്കലാണെന്നും ഈ മേഖലയില്‍ ജങ്കാര്‍, ബോട്ട് സര്‍വിസ് നടത്താന്‍ നിലവിലെ കരാറുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ളെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ലക്ഷ്യമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മട്ടാഞ്ചേരി ഏരിയ കമ്മിറ്റി ആരോപിച്ചു. കൊച്ചി നഗരസഭയും കരാറുകാരനും തമ്മിലെ ഒത്തുകളിയാണിതെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്‍റ് കെ.എ. ആഷിഖ്, താഹിര്‍ അനസ്, നിസാര്‍ മാമു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.