കോതമംഗലം: കീരമ്പാറ നെടുമ്പാറയില്‍ ഏഴ് വീടുകളില്‍ ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ പിതാവും മൂന്ന് മക്കളും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പൊലീസ് പിടിയിലായതായി സൂചന. കീരമ്പാറ നെടുമ്പാറ ചാത്തുരുത്തി ജോസ് (46), മക്കളായ ബേസില്‍ (21), ജിസ്മോന്‍ (19), ജോമി (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ബേസിലിന്‍െറ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി എസ്.ഐ സുധീര്‍ മനോഹര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിക്ക് അടിമകളായ പ്രതികളെക്കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ കൂട്ടമായി ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പരാതി നല്‍കാന്‍ നേതൃത്വം നല്‍കിയവരുടെ വീടുകളിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ആറുപേര്‍ ഇപ്പോഴും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണശേഷം പ്രതികളും ആശുപത്രിയില്‍ ചികിത്സക്കത്തെിയിരുന്നു. പൊലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇവരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.