മണപ്പുറം സ്ഥിരം നടപ്പാലം ശിലാസ്ഥാപനം നാളെ

ആലുവ: നഗരത്തെയും മണപ്പുറത്തെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിക്കുന്ന സ്ഥിരം നടപ്പാലത്തിന്‍െറ നിര്‍മാണം ആരംഭിക്കുന്നു. പാലത്തിന്‍െറ രൂപഘടനയും നിര്‍ദിഷ്ട സ്ഥലവും സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ ചൊവ്വാഴ്ച ശിലാസ്ഥാപനം നടക്കും. രാവിലെ 8.30ന് മണപ്പുറത്ത് മന്ത്രി രമേശ് ചെന്നിത്തല ശിലാസ്ഥാപനം നിര്‍വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍ നായര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാറിന്‍െറ പ്ളാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 14 കോടി രൂപ ഉപയോഗിച്ചാണ് കൊട്ടാരകടവില്‍നിന്ന് മണപ്പുറത്തേക്ക് നടപ്പാലം നിര്‍മിക്കുക. എന്നാല്‍, കടത്തുകടവില്‍നിന്ന് തോട്ടക്കാട്ടുകര-മണപ്പുറം റോഡിലേക്ക് പാലം നിര്‍മിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. പാലം ഭക്തജനങ്ങള്‍ക്കുപുറമെ നാട്ടുകാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകാനും ക്ഷേത്ര-ബലികര്‍മങ്ങള്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാനും 30 മീറ്ററോളം മാറ്റി നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏഴ് മീറ്ററിലധികം പൊക്കം വരുന്ന ഈ പാലത്തിന് ഏകദേശം 50ഓളം ചവിട്ടുപടികള്‍ ഉണ്ടാകുമെന്നറിയുന്നു. ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് ഒരുവിഭാഗത്തിന്‍െറ വാദം. ഇതുമായി ബന്ധപ്പെട്ട ഹരജിയില്‍ 14 കോടി മുടക്കി പാലം നിര്‍മിച്ച് അത് ദേവസ്വം ബോര്‍ഡിന് കൈമാറാനാണ് കോടതി ഉത്തരവ്. പൂജാ സമയങ്ങളില്‍ മാത്രം തുറക്കുകയും അല്ലാത്ത സമയങ്ങളില്‍ അടച്ചിടുകയും ചെയ്യുന്നതുള്‍പ്പെടെ ഇതിന്‍െറ പൂര്‍ണ നിയന്ത്രണം ബോര്‍ഡിനായിരിക്കും. അതായത്, രാവിലെയും വൈകുന്നേരവുമായി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ മാത്രമാണ് പാലം തുറന്നിടുക. ഇത് സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍, പാലം അടച്ചിടുന്നത് നാട്ടുകാര്‍ക്ക് പ്രയോജനപ്പെടില്ളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആലുവയിലെ രണ്ട് മേല്‍പാലങ്ങളും അനുബന്ധ റോഡുകളും രൂക്ഷമായ ഗതാഗത പ്രശ്നമാണ് നേരിടുന്നത്. ദീര്‍ഘവീക്ഷണത്തോടും ക്രിയാത്മകമായും ഈ വിഷയം കൈകാര്യം ചെയ്താല്‍ ദേശം, കുന്നുംപുറം തുടങ്ങി തോട്ടക്കാട്ടുകരവരെയുള്ളവര്‍ക്കും ആലുവ നഗരത്തിലത്തൊന്‍ ഒരു ബദല്‍ ഗതാഗത സംവിധാനമാക്കി ഈ പാലം മാറ്റാവുന്നതാണ്. വെള്ളം കയറി മണല്‍പ്പുറം മുങ്ങുന്നതടക്കമുള്ള സമയങ്ങളിലും പാലം ഉപയോഗയോഗ്യമാകണമെങ്കില്‍ നിര്‍ദിഷ്ട സ്ഥാനം മാറിയേ തീരൂ. ഈ രീതിയില്‍ പാലം നിര്‍മിക്കുകയും അത് പൂട്ടിയിടുകയും ചെയ്താല്‍ പൊതുതാല്‍പര്യ ഹരജി ഹൈകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ നല്‍കാന്‍ ഒരുവിഭാഗം തയാറെടുക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.