പള്ളിത്താഴത്ത് ഹോട്ടലിന്‍െറ അടുക്കളക്ക് തീ പിടിച്ചു

പറവൂര്‍: നഗരത്തിലെ പള്ളിത്താഴത്ത് പ്രവര്‍ത്തിക്കുന്ന സീസി ടവര്‍ ഹോട്ടലിന്‍െറ അടുക്കളക്ക് തീ പിടിച്ചു. നിരവധി ഉപകരണങ്ങളും ഭക്ഷണസാമഗ്രികളും അഗ്നിക്കിരയായി. മൂന്നു ലക്ഷം രൂപയുടെ നാശം സംഭവിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഹോട്ടലിന്‍െറ കിഴക്കുഭാഗത്ത് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയിലാണ് തീ കണ്ടത്. കനത്ത പുക കണ്ട വഴിയാത്രക്കാരാണ് ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. നാട്ടുകാരും ജീവനക്കാരില്‍ ചിലരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് വെടിമറയില്‍നിന്ന് ഫയര്‍ഫോഴ്സിന്‍െറ രണ്ട് യൂനിറ്റ് എത്തിയാണ് തീ കെടുത്തിയത്. പൊതുപണിമുടക്ക് ആയതിനാല്‍ ഹോട്ടലില്‍ ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. അടുക്കളയില്‍ പാചകവും മറ്റും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുകക്കുഴലില്‍ ഉണ്ടായിരുന്ന ഫര്‍ണസ് ഓയില്‍ ഒലിച്ചിറങ്ങിയതാണ് തീ പിടിത്തത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്സുകാര്‍ പറഞ്ഞു. ഹോട്ടലില്‍ സ്ഥാപിച്ച അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഫയര്‍ഫോഴ്സുകാര്‍ വെള്ളം പമ്പ് ചെയ്യാന്‍ ഹോട്ടലിലെ സംവിധാനത്തില്‍ പൈപ്പ് ഘടിപ്പിച്ചപ്പോള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.