പണിമുടക്ക്: ജനജീവിതം സ്തംഭിച്ചു

കാക്കനാട്: പണിമുടക്ക് സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ ജില്ലാഭരണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനത്തെ താറുമാറാക്കി. സിവില്‍ സ്റ്റേഷനില്‍ ആകെ 79 ഓഫിസുള്ളതില്‍ തുറന്നത് 53 എണ്ണം മാത്രം. തുറന്ന ഓഫിസുകളില്‍തന്നെ 20 ശതമാനം ജീവനക്കാരാണ് എത്തിയതെന്നാണ് ഒൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. രാവിലെ തുറന്ന ഓഫിസുകളില്‍ ചിലതില്‍ സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്‍െറ കണക്കെടുപ്പിനുശേഷം ഉച്ചക്ക് 12ഓടെ പൂട്ടുകയും ചെയ്തു. കൃഷി വകുപ്പ്, സോഷ്യല്‍ വെല്‍ഫെയര്‍, ഇറിഗേഷന്‍ തുടങ്ങിയ 12 ഓഫിസാണ് ഉച്ചയോടെ പൂട്ടിയത്. ദാരിദ്ര്യനിര്‍മാര്‍ജനം, സ്പെഷല്‍ എംപ്ളോയ്മെന്‍റ്, ഓഡിറ്റ്, സെയില്‍സ് ടാക്സ് തുടങ്ങിയ ഓഫിസുകള്‍ തുറന്നതേയില്ല. എ.ഡി.എം പി. പത്മകുമാര്‍ രാവിലെ ഓഫിസിലത്തെി ജോലി ചെയ്തു. എന്നാല്‍, കലക്ടര്‍ എം.ജി. രാജമാണിക്യം പതിവിന് വിപരീതമായി കലക്ടറേറ്റില്‍ എത്തിയില്ല. ക്യാമ്പ് ഓഫിസിലിരുന്ന് ജോലി ചെയ്തെന്നാണ് കലക്ടറുടെ വിശദീകരണം. കലക്ടര്‍ കൂടി ഇല്ലാത്ത സാഹചര്യം മുതലാക്കി സിവില്‍ സ്റ്റേഷനില്‍ ഹാജരായ ജീവനക്കാര്‍ ഉച്ചക്കുശേഷം പഞ്ച് ചെയ്ത് മുങ്ങുകയായിരുന്നു. കലക്ടറേറ്റില്‍ 156 ജീവനക്കാരുള്ളതില്‍ 12 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. ഉച്ചക്കുശേഷം പലരും ഒപ്പിട്ട് മുങ്ങുകയും ചെയ്തു. പൊതുജനങ്ങള്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ ഓഫിസില്‍ ഇരുന്നിട്ട് കാര്യമില്ളെന്നാണ് ജീവനക്കാരില്‍ ചിലരുടെ വിശദീകരണം. പണിമുടക്കിന് ഡയസ്നേണ്‍ ഏര്‍പ്പെടുത്തിയതാണ് ജോലിക്ക് ഹാജരാകാന്‍ ജീവനക്കാരെ പ്രേരിപ്പിച്ച പ്രധാന ഘടകം. ജീവക്കാരില്‍ ഭൂരിപക്ഷവും സിവില്‍ സ്റ്റേഷന് സമീപം ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവരായിട്ടുപോലും ജോലിക്ക് എത്തിയില്ല. 36 ജീവനക്കാരുള്ള മെട്രോ സ്ഥലമെടുപ്പ് വിഭാഗം ഓഫിസില്‍ ജോലിക്കത്തെിയത് വെറും ഏഴുപേര്‍ മാത്രമാണ്. അതേസമയം, ഐ.ടി മേഖലയെ പണിമുടക്ക് ഏശിയില്ല. ഇന്‍ഫോപാര്‍ക്കില്‍ 140 കമ്പനികളിലായി 24,500 ജീവനക്കാരുള്ളതില്‍ 52 ശതമാനം പേര്‍ ജോലിക്ക് ഹാജരായതായി അധികൃതര്‍ അറിയിച്ചു. ഇന്‍ഫോപാര്‍ക്ക്, ജില്ലാ ആസ്ഥാനം, കാക്കനാട്ടെ പ്രത്യേക സാമ്പത്തികമേഖല എന്നിവടങ്ങളില്‍ പൊലീസ് ശക്തമായ പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഐ.ടി ജീവനക്കാരെ ജോലിസ്ഥലത്തേക്ക് കൊണ്ടുവന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. കാക്കനാട്, വാഴക്കാല വില്ളേജ് ഓഫിസുകള്‍, തൃക്കാക്കര നഗരസഭ, ജില്ലാ പഞ്ചായത്ത് ഓഫിസുകളില്‍ ഹാജര്‍ നന്നേ കുറവായിരുന്നു. എറ്റവും കൂടുതല്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജില്ലാ ആസ്ഥാനത്ത് ബാങ്കുകള്‍ പേരിന് മാത്രം തുറന്നെങ്കിലും ഇടപാടുകള്‍ നടന്നില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകളും ടാക്സി വാഹനങ്ങളും നിരത്തില്‍ ഇറങ്ങിയതേയില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പണിമുടക്കിനോടനുബന്ധിച്ച് തൃക്കാക്കര മേഖല സംയുക്ത സമരസമിതി നേതൃത്വത്തില്‍ കാക്കനാട് കലക്ടറേറ്റ് ജങ്ഷനില്‍ തൊഴിലാളി ക്യാമ്പ് നടത്തി. മിനിമം വേതനം 15,000 രൂപയാക്കുക, മിനിമം പെന്‍ഷന്‍ 6500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബെന്നി ബഹനാന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുത്തു. മട്ടാഞ്ചേരി: പണിമുടക്ക് പശ്ചിമ കൊച്ചി മേഖലയില്‍ പൂര്‍ണം. കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ സ്തംഭിച്ചു. ടെര്‍മിനലില്‍ ടെറോക്കോ, ഒ.ഇ.എല്‍ സല്‍ബാന്‍ എന്നീ രണ്ട് കപ്പലുകള്‍ ഉണ്ടായിരുന്നെങ്കിലും കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനായില്ല.മട്ടാഞ്ചേരി ബസാറിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. താലൂക്ക് ഓഫിസ്, ആര്‍.ഡി ഓഫിസ് എന്നിവ തുറന്നെങ്കിലും ഹാജര്‍നില കുറവായിരുന്നു. അതേസമയം, മട്ടാഞ്ചേരി വാണിജ്യനികുതി ഓഫിസ് അടഞ്ഞുകിടന്നു. ബോട്ട്, ബസ് സര്‍വീസുകള്‍ നിലച്ചു.കൊച്ചി കാണാനത്തെിയ വിദേശസഞ്ചാരികള്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ഹോം സ്റ്റേഷനുകളില്‍ താമസിച്ചവര്‍ക്ക് വീട്ടുകാര്‍തന്നെ ഭക്ഷണം തയാറാക്കി നല്‍കി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. പള്ളുരുത്തിയില്‍ നടന്ന സമര സമ്മേളനം മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസും തോപ്പുംപടിയില്‍ എ.എം. അയ്യൂബും ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ: അഖിലേന്ത്യാ പണിമുടക്ക് തൃപ്പൂണിത്തുറ മേഖലയില്‍ പൂര്‍ണം. പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുന്‍സ് സ്ഥാപനങ്ങള്‍, തപാല്‍, ടെലികോം വിഭാഗങ്ങളിലെ ജീവനക്കര്‍ എന്നിവര്‍ പണിമുടക്കിയപ്പോള്‍ മേഖല നിശ്ചലമായി. പ്രധാന റോഡുകളെല്ലാം വിജനമായിരുന്നു. ഇടക്കിടെ ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടി. ആശുപത്രികളിലും മറ്റും പോകേണ്ടവര്‍ പ്രയാസപ്പെട്ടു. തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷന്‍ ഓഫിസുകളില്‍ ഹാജര്‍ പരിമിതമായിരുന്നു. ഡയസ്നോണ്‍ പ്രഖ്യാപിച്ചത് കാര്യമായി ഏശിയില്ല. യാത്രാസൗകര്യമില്ലാതിരുന്നതിനാല്‍ ചിലര്‍ ജോലിക്കത്തെിയില്ല. ഓട്ടോകള്‍ നിരത്തിലിറങ്ങിയില്ല. ചെറുകിട തൊഴില്‍ സ്ഥാപനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, മാളുകള്‍, എന്നിവയെല്ലാം അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.