കൊച്ചി: ഭരണാനുമതി ലഭിച്ചതോടെ യാഥാര്‍ഥ്യത്തോടടുക്കുന്ന കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇനി വേണ്ടത് കേന്ദ്ര ധനസഹായവും നടപടിക്രമങ്ങളിലെ സുതാര്യതയും. ഒരുവര്‍ഷം മുമ്പ് തറക്കല്ലിട്ടെങ്കിലും കൊച്ചിയില്‍ അര്‍ബുദരോഗികളുടെ ചികിത്സാകേന്ദ്രത്തിന് ഭരണാനുമതി വൈകുന്നതില്‍ ആശങ്ക വളരുന്നതിനിടെയാണ് ബുധനാഴ്ച മന്ത്രിസഭായോഗം നിര്‍ണായക തീരുമാനമെടുത്തത്. ഘട്ടംഘട്ടമായി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ സുതാര്യമായി നടപ്പാക്കുകയെന്നതാണ് കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ കാര്യത്തില്‍ മുന്നിലുള്ള പ്രധാന കടമ്പ. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് വാഗ്ദാനം ലഭിച്ച കേന്ദ്രഫണ്ടും ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ളെങ്കിലും നവംബറില്‍ ഒ.പിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളതെന്ന് കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പെഷല്‍ ഓഫിസറായി ചുമതല ലഭിച്ച ഡോ. ആശ തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യഘട്ടമായി ഒൗട്ട് പേഷ്യന്‍റ്സ് വിഭാഗവും രണ്ടാംഘട്ടമായി 150 കിടക്കകളുള്ള ആശുപത്രിയും മൂന്നാംഘട്ടമായി റിസര്‍ച് സെന്‍ററുമാണ് ഇവിടെ വിഭാവനം ചെയ്തത്. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് മന്ത്രിസഭ ഭരണാനുമതി നല്‍കിയത്. അതേസമയം, കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുമേഖല സ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വിസസ് കണ്‍സള്‍ട്ടന്‍സി കോര്‍പറേഷനെ (എച്ച്.എസ്.സി.സി) ഏല്‍പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാത്തതില്‍ കാന്‍സര്‍ സെന്‍ററിനായി രംഗത്തുള്ള ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റ് അടക്കമുള്ള സംഘടനകള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സുതാര്യവും ഉചിതവുമായ തീരുമാനം കൂടി വന്നാലേ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കടമ്പ കടക്കൂവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കിയതും എച്ച്.എസ്.സി.സിയാണ്. കഴിഞ്ഞ ജൂലൈ 24ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും (450 കോടി) നല്‍കാനുള്ള സന്നദ്ധത എറണാകുളം ജില്ലാ സഹകരണബാങ്ക് അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ പണം കൈമാറാന്‍ തയാറാണെന്നാണ് വ്യക്തമാക്കുന്നത്. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍, തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പോലെയായാല്‍ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനായും കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസഹായം ലഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍നിന്നടക്കം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സാമ്പത്തികസഹായത്തിന് വാതില്‍ തുറന്നുകിട്ടാന്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹിക്കേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.