എ.ടി.എമ്മില്‍നിന്ന് കാമറയും യു.പി.എസും മോഷ്ടിക്കുന്നയാള്‍ പിടിയില്‍

കൊച്ചി: എ.ടി.എം സെന്‍ററില്‍നിന്ന് കാമറയും യു.പി.എസും മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കലൂര്‍ വടക്കേടത്ത് വീട്ടില്‍ ഹിദായത്ത് എന്ന ഇനായത്തിനെയാണ് (42) എറണാകുളം നോര്‍ത് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. എസ്.ആര്‍.എം റോഡിലെ എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് സി.പി.യു മോഷ്ടിച്ച കേസില്‍ എറണാകുളം നോര്‍ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതേ എ.ടി.എമ്മില്‍ നിന്ന് വീണ്ടും പ്രതി നിരീക്ഷണ കാമറ മോഷ്ടിച്ചെങ്കിലും ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കില്‍നിന്ന് കണ്ടത്തെി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സിറ്റിയിലെ ഓട്ടോഡ്രൈവറാണ് പ്രതി. ഓട്ടത്തിനിടെ ആളൊഴിഞ്ഞ എ.ടി.എമ്മില്‍ കയറി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. എസ്.ആര്‍.എം റോഡിലെ എസ്.ബി.ഐയുടെ എ.ടി.എം, ദേശാഭിമാനി ജങ്ഷനിലെ കനറാ ബാങ്കിന്‍െറ എ.ടി.എം, രവിപുരത്തെ യൂക്കോ ബാങ്കിന്‍െറ എ.ടി.എം എന്നിവിടങ്ങളില്‍നിന്ന് മോഷ്ടിച്ച അഞ്ച് നിരീക്ഷണ കാമറകളും പ്രതിയുടെ പക്കല്‍നിന്ന് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് കറുകപ്പള്ളിയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം അസി. കമീഷണര്‍ സുരേഷ് കുമാറിന്‍െറ നിര്‍ദേശപ്രകാരം രൂപവത്കരിച്ച അന്വേഷണസംഘത്തില്‍ എറണാകുളം നോര്‍ത് എസ്.ഐ എസ്. സനല്‍, എസ്.സി.പി.ഒമാരായ മുഹമ്മദ് ഹനീഫ, അനില്‍, സി.പി.എം സുധീര്‍, കിഷോര്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എറണാകുളം അസി. കമീഷണര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.