തൃക്കാക്കരയില്‍ സീറ്റിനായി കോണ്‍ഗ്രസ്, ലീഗ് യുദ്ധം

കൊച്ചി: എട്ടില്‍ അഞ്ച് ജനറല്‍ സീറ്റുകളുള്ള ലീഗിനെ മെരുക്കി ഒന്നോ രണ്ടോ ജനറല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍. ഹോം വാര്‍ഡുകളില്‍ ഏറെയും വനിത സംവരണമായതിനാല്‍ മത്സരിക്കാന്‍ ജനറല്‍ സീറ്റില്ലാതെ നെട്ടോട്ടമോടുന്ന നേതാക്കളാണ് ലീഗിന്‍െറ സീറ്റില്‍ നോട്ടമിടുന്നത്. യു.ഡി.എഫിന്‍െറ കെട്ടുറപ്പും മുനിസിപ്പല്‍ ഭരണം നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യവും ബോധ്യപ്പെടുത്തി ലീഗ് നേതാക്കളെ തഞ്ചത്തില്‍ പാട്ടിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച കൂടുതല്‍ വനിത വാര്‍ഡുകളായതിനാല്‍ സീറ്റുകള്‍ അതേപടി നിലനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ലീഗ് തീരുമാനം. ലീഗിന് കൂടുതല്‍ ജയസാധ്യതയുള്ള ജനറല്‍ വാര്‍ഡുകള്‍ ഒരു കാരണവശാലും വിട്ടുകൊടുക്കാതിരിക്കാന്‍ ലീഗ് നേതാക്കളും കിണഞ്ഞുശ്രമിക്കുകയാണ്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ലീഗ്, കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് നേതാക്കള്‍. ലീഗുമായുള്ള തര്‍ക്കം പരിഹരിച്ചാലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് രൂക്ഷമായ എ-ഐ തര്‍ക്കമാണ്. ലീഗിന് എട്ടും ഒരു ജനതാദള്‍ സീറ്റും വിട്ടുകൊടുക്കുന്നതോടെ അവശേഷിക്കുന്ന 34 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. വെറും നാല് സീറ്റുകള്‍ ഉണ്ടായിരുന്ന കഴിഞ്ഞ കൗണ്‍സിലില്‍ ഒരു വര്‍ഷം മാത്രമായിരുന്നു ഐ ഗ്രൂപ്പിന് ചെയര്‍മാന്‍ പദവി ലഭിച്ചത്. സി.പി.ഐയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായി. സി.പി.ഐക്ക് ലഭിച്ച അത്താണി സ്ത്രീ സംവരണ വാര്‍ഡില്‍ പട്ടികജാതി വനിതയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലി സി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റി യോഗത്തിലുണ്ടായ തര്‍ക്കം മണ്ഡലം കമ്മിറ്റി യോഗത്തിലും പരിഹരിക്കാനായില്ല. ചൊവ്വാഴ്ച സി.പി.ഐ തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗം പ്രത്യേകം യോഗം കൂടി സ്ഥാനാര്‍ഥി ലിസ്റ്റുമായി എത്താനാണ് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു നിര്‍ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ലോക്കല്‍ കമ്മിറ്റിയും തുടര്‍ന്ന് വൈകീട്ട്് മണ്ഡലം കമ്മിറ്റിയും കൂടി സ്ഥാനാര്‍ഥികളെ ഒൗദ്യോഗികമായി തീരുമാനിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.