മലയാളി ഡോക്ടര്‍ വിദേശ ഡോക്ടര്‍മാരെ ശസ്ത്രക്രിയ പഠിപ്പിക്കും; തത്സമയം

കൊച്ചി: കൊച്ചിയില്‍ വ്യാഴാഴ്ച നടക്കുന്ന ശസ്ത്രക്രിയ ഈജിപ്തിലും അമേരിക്കയിലുമിരുന്ന് ഡോക്ടര്‍മാര്‍ തത്സമയം കാണും. പിന്നെ സംശയങ്ങള്‍ ചോദിക്കും. അങ്ങനെ ഇന്ത്യയിലാദ്യമായി മലയാളി ഡോക്ടര്‍ വിദേശ ഡോക്ടര്‍മാരെ ശസ്ത്രക്രിയ പഠിപ്പിക്കും. കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ ഏഴുവരെ നടക്കുന്ന ശസ്ത്രക്രിയ ഈജിപ്തിലെ കെയ്റോയില്‍ നടക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സിലേക്കും രാത്രി ഒമ്പതുമുതല്‍ 11 വരെ നടക്കുന്നത് അമേരിക്കയിലെ ലാസ്വേഗാസിലേക്കുമാണ് തത്സസമയം സംപ്രേഷണം ചെയ്യുക. ആറായിരത്തോളം സര്‍ജന്‍മാര്‍ അത് കാണുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്യും. വലിയ ഗര്‍ഭപാത്രത്തെ കീഹോള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഇങ്ങനെ തത്സസമയം സംപ്രേഷണം ചെയ്യുക. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്ന സണ്‍റൈസ് ഗ്രൂപ് ഹോസ്പിറ്റലിന്‍െറ ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. കീഹോള്‍ സര്‍ജന്‍മാരുടെ പ്രമുഖ അന്തര്‍ദേശീയ സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഗൈനിക് ലാപ്രോസ്കോപ്പിസ്റ്റുമാരുടെ (എ.എ.ജി.എല്‍) ലോക സമ്മേളന വേദിയിലാണ് ഈ ശസ്ത്രക്രിയകള്‍ തത്സസമയം കാണിക്കുക. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സര്‍ജന്‍മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരുലക്ഷത്തില്‍പരം കീഹോള്‍ സര്‍ജറികള്‍ നടത്തിയത് പരിഗണിച്ച് ഹഫീസ് റഹ്മാനെ സമ്മേളനത്തിലെ ആദ്യ സര്‍ജനായി തെരഞ്ഞെടുക്കുകയായിരുന്നു. ഡിസംബറില്‍ കൊളംബോയിലും ജനുവരിയില്‍ ഡല്‍ഹിയിലും മാര്‍ച്ചില്‍ ദുബൈയിലും നടക്കുന്ന ഡോക്ടര്‍മാരുടെ സമ്മേളനങ്ങളിലും ഇത്തരം തത്സസമയ സംപ്രേഷണമുണ്ടാകുമെന്ന് ഡോ. ഹഫീസ് റഹ്മാന്‍, ഡോ. പത്മകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.