പള്ളിക്കര: കഞ്ചാവ് മാഫിയ പള്ളിക്കര, പെരിങ്ങാല, കാണിനാട്, കരിമുകള്‍, അമ്പലമുകള്‍ കേന്ദ്രീകരിച്ച് യുവാക്കളിലും വിദ്യാര്‍ഥികളിലും പിടിമുറുക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് പൊലീസ് പിടികൂടിയത്. ലഹരിക്കായി കഞ്ചാവിന് പുറമെ പലതരത്തിലുള്ള പശകളും കാന്‍സര്‍ രോഗത്തിന് ഉപയോഗിക്കുന്ന നൈട്രോസണ്‍ എന്ന ഗുളികയും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്പലമേട് പൊലീസ് പിടികൂടിയ വിദ്യാര്‍ഥിയില്‍നിന്നും ഇത്തരം ഗുളിക പിടികൂടിയിരുന്നു. കാന്‍സര്‍ ഇല്ലാത്തവര്‍ ഇത് കഴിച്ചാല്‍ ഒരു ദിവസം വരെ അബോധാവസ്ഥയിലാകും. ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശ പ്രകാരംമാത്രമേ രോഗികള്‍ക്ക് നല്‍കാവൂ. എന്നാല്‍, പല മെഡിക്കല്‍ സ്റ്റോറുകളും ഇത് പാലിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. നഗരങ്ങളില്‍ പൊലീസ് പരിശോധന വ്യാപകമാക്കിയതോടെയാണ് മാഫിയ സംഘം ഗ്രാമങ്ങളെ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കാണിനാട്, പള്ളിക്കര ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാണെന്ന് നേരത്തേ ആക്ഷേപമുണ്ട്. രണ്ട് പൊലീസ് സ്റ്റേഷന്‍െറയും അതിര്‍ത്തി പ്രദേശമാണ് കാണിനാട്. കാണിനാട് ഗ്രൗണ്ട് വരെയാണ് അമ്പലമേട് പൊലീസിന്‍െറ പരിധി. അത് കഴിഞ്ഞാല്‍ പുത്തന്‍കുരിശ് പൊലീസിന്‍െറ കീഴിലാണ്. ഈ ഭാഗത്ത് പൊലീസിന്‍െറ ശ്രദ്ധ ഇല്ലാത്തത് കഞ്ചാവ് മാഫിയക്ക് ഗുണം ചെയ്യുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്തെ റബര്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നത്. പള്ളിക്കര മനക്കേകടവ് കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പന നടത്തുന്നതായി നേരത്തേ തന്നെ പരാതിയുണ്ട്. ചാക്കോത്ത്മല, പടിഞ്ഞാറെ മോറക്കാല എന്നിവിടങ്ങളിലാണ് കച്ചവടം നടക്കുന്നത്. ഇത് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന വഴിയാണ്. നഗരങ്ങളില്‍നിന്ന് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 10 ഗ്രാം വരുന്ന ചെറിയ പൊതികളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. പല പഞ്ചായത്തുകളും പാന്‍ മസാലകള്‍ നിരോധിച്ചെങ്കിലും പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് കച്ചവടം സജീവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരവും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.