വെള്ളക്കെട്ടൊഴിയാതെ തായിക്കാട്ടുകര റെയില്‍വേ തുരങ്കപാത

ആലുവ: വേനല്‍ക്കാലത്തുപോലും തായിക്കാട്ടുകര റെയില്‍വേ തുരങ്ക പാതയില്‍ വെള്ളക്കെട്ടൊഴിയുന്നില്ല. ദേശീയപാതയില്‍ കമ്പനിപ്പടിക്കും മാന്ത്രക്കല്‍ കവലക്കും ഇടയിലെ തുരങ്കപാതയിലാണ് എല്ലാസമയത്തും വെള്ളം കെട്ടിനില്‍ക്കുന്നത്. തുരങ്കത്തില്‍നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ വലിയ ഓവുചാലുണ്ടെങ്കിലും മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ ഇതിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കാല്‍നടക്കാര്‍ക്ക് ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. വേനല്‍ക്കാലത്തും തുരങ്കത്തിന്‍െറ സമീപ പ്രദേശങ്ങളില്‍ ഉറവയുണ്ടാകാറുണ്ട്. ഈ വെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോകുന്നതിനാല്‍ മുന്‍കാലങ്ങളില്‍ പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍, സമീപകാലത്ത് ഓവുചാലിലും സമീപ പാടശേഖരങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നതാണ് ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. വലിയ ചാക്കുകളില്‍ നിറച്ച് കൊണ്ടുവന്നാണ് പലരും മാലിന്യം തള്ളുന്നത്. ഇത്തരം ചാക്കുകെട്ടുകള്‍ ഓവുചാലില്‍ കെട്ടിക്കിടക്കുകയാണ്. ഇതോടൊപ്പം ഓവുചാലില്‍ മണ്ണ് അടിഞ്ഞുകൂടുന്നതും പ്രശ്നമാണ്. കൃത്യമായ ഇടവേളകളില്‍ ഓവുചാല്‍ വൃത്തിയാക്കാത്തതിനാല്‍ വെള്ളത്തോടൊപ്പം ഒഴുകിവരുന്ന മണ്ണ് മുഴുവന്‍ കൂടിക്കിടക്കും. അറവുശാലയിലെയും കോഴിക്കടകളിലെയും വരെ മാലിന്യങ്ങള്‍ ഇവിടെ കൊണ്ടിടുന്നുണ്ട്. ഇത് പ്രദേശത്ത് ദുര്‍ഗന്ധത്തിനും ഇടയാക്കുന്നു. കെട്ടിക്കിടക്കുന്ന മാലിന്യം വെള്ളക്കെട്ടില്‍ പടര്‍ന്നിട്ടുണ്ട്. കാല്‍നടക്കാര്‍ക്ക് ഈ മലിനജലത്തിലൂടെ വേണം സഞ്ചരിക്കാന്‍. തുരങ്കത്തില്‍നിന്ന് മെട്രോ യാര്‍ഡ് ഭാഗത്തേക്കുള്ള റോഡിലും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങളോടൊപ്പം തെരുവുനായശല്യത്തിനും കാരണമാകുകയാണ്. ഇവിടെ മാലിന്യം തള്ളുന്നത് പലപ്പോഴായി നാട്ടുകാര്‍ തടഞ്ഞിരുന്നു. നെല്‍പാടത്തിന് നടുവിലൂടെ പോകുന്ന റോഡില്‍ തെരുവുവിളക്കുകള്‍ തെളിയാത്തത് ഇരുട്ടിന്‍െറ മറവില്‍ മാലിന്യം കൊണ്ടിടാന്‍ വരുന്നവര്‍ക്ക് സഹായകമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.