സ്നേഹക്ക് വേണം സുമനസ്സുകളുടെ കൈതാങ്ങ്

മൂവാറ്റുപുഴ: അപൂര്‍വ രോഗത്തിന്‍െറ പിടിയിലാണെങ്കിലും സ്നേഹ പ്രതീക്ഷയിലാണ്. അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍. പേഴക്കാപ്പിള്ളി ചെറുപാറക്കല്‍ വര്‍ഗീസിന്‍െറയും മേരിയുടെയും ഏക മകളായ സ്നേഹ എന്ന 21 കാരിയാണ് ഇനിയും ജീവിതം സ്വപ്നം കാണുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ‘കുഷിങ് സിന്‍ഡ്രോംസ്’ എന്ന രോഗം കീഴ്പ്പെടുത്തിയ സ്നേഹ അസുഖത്തിന്‍െറ അവശതകള്‍ക്കിടയിലും രോഗം മാറുന്ന ദിനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 2010 ല്‍ ബംഗളൂരുവില്‍ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുമ്പോള്‍ പെട്ടെന്ന് തലചുറ്റി വീണ സ്നേഹ, ഇതിന്‍െറ ചികിത്സക്കിടയിലാണ് കുഷിങ് സിന്‍ഡ്രോംസ് എന്ന രോഗത്തിന്‍െറ പിടിയിലാണെന്ന് കണ്ടത്തെിയത്. വിവിധ ആശുപത്രികളിലെല്ലാം മാറിമാറി ഈ അഞ്ചുവര്‍ഷത്തിനിടെ ചികിത്സ നടത്തി. നിലവില്‍ എറണാകുളം ലേക്ഷോറിലെ ചികിത്സയിലാണ് സ്നേഹ. മകളുടെ അഞ്ചുവര്‍ഷത്തെ ചികിത്സക്കായി വര്‍ഗീസ് ചെലവഴിച്ചത് 25 ലക്ഷത്തോളം രൂപയാണ്. ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് മകളെ ചികിത്സിച്ച നിര്‍ധന കുടുംബം ഇപ്പോള്‍ വാടകക്കാണ് കഴിയുന്നത്. ഒരു ചെറുകിട സ്ഥാപനത്തിലെ ജീവനക്കാരനായ വര്‍ഗീസിന്‍െറ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്‍െറ ഏക ആശ്രയം. തുടര്‍ ചികിത്സക്ക് ലക്ഷങ്ങള്‍ വേണ്ടിവരും. ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു കഴിഞ്ഞു. മകളുടെ അടുത്ത് ഒരാള്‍ എപ്പോഴും വേണം. ഭാര്യ മേരി നേരത്തേ കൂലിപ്പണിക്കൊക്കെ പോയിരുന്നു. മകളെ നോക്കാന്‍ അടുത്ത് ആള്‍ വേണമെന്ന് വന്നതോടെ ഇത് നിര്‍ത്തി. സ്നേഹ വീഴാതെ നോക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാല്‍വഴുതി വീണാല്‍ എല്ലുകള്‍ പൊടിഞ്ഞുപോകാന്‍ സാധ്യത ഏറെയാണ്. രക്തത്തില്‍ കോര്‍ക്കോ സിറോയിഡിന്‍െറ അളവ് ക്രമാതീതമായി കൂടുന്നതാണ് കുഷിങ് സിന്‍ഡ്രോംസ് എന്ന അസുഖത്തിന് കാരണം. തല ചുറ്റല്‍, കരള്‍ വീക്കം, കിഡ്നി തകരാര്‍, ശ്വാസതടസ്സം, ഗര്‍ഭാശയത്തില്‍ മുഴകള്‍ രൂപപ്പെടല്‍, കൈകാല്‍ തളര്‍ച്ച, അമിതമായ ശരീരവേദന തുടങ്ങി ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങളെ ആകെതന്നെ ബാധിക്കുന്നത് മൂലം രോഗിക്ക് അനങ്ങാന്‍ കഴിയില്ല. ഇതിന് പുറമെ ശരീരത്തിന് അമിതമായി തടിവെക്കുകയും ചെയ്യും. ഏക മകളുടെ തുടര്‍ ചികിത്സക്ക് വകയില്ലാതെ വലയുന്ന ഈ നിര്‍ധന കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആരെങ്കിലും കുട്ടിയെ ഏറ്റെടുത്ത് ചികിത്സിക്കുമെന്ന പ്രതീക്ഷയോടെ. ഫോണ്‍: 9526123738.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.