കൊച്ചി: കൊച്ചിയില്‍ മെട്രോറെയില്‍ പാളങ്ങള്‍ വയഡക്ടുകള്‍ക്ക് മുകളില്‍ ഉയര്‍ത്തിവെക്കാനുള്ള ജോലി ആരംഭിച്ചു. കളമശ്ശേരി ടി.വി.എസ് ജങ്ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പ്രത്യേക ക്രെയിനുകള്‍ ഉപയോഗിച്ച് പാളങ്ങള്‍ ഉയര്‍ത്തി സ്ഥാപിച്ചത്. 18 മീറ്റര്‍ നീളമുള്ള 36 പാളങ്ങളില്‍ 11 എണ്ണമാണ് സ്ഥാപിച്ചത്. ഇതിന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഇവ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനുസമീപത്തെ വാട്ടര്‍ അതോറിറ്റി യാര്‍ഡില്‍നിന്ന് കളമശ്ശേരിയിലേക്ക് മാറ്റി. ബുധനാഴ്ചയും പാളങ്ങള്‍ സ്ഥാപിക്കുന്ന ജോലി തുടരും. പാളങ്ങള്‍ ഉയര്‍ത്തി വെക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനൊപ്പം, കോച്ചുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന തേര്‍ഡ് റെയില്‍ സംവിധാനവും സ്ഥാപിക്കും. ഇവ വിളക്കിച്ചേര്‍ക്കുന്നത് അടക്കമുള്ള ജോലി പിന്നീട് നടക്കും. നിലവില്‍ വയഡക്ടുകള്‍ പൂര്‍ത്തിയായ ഭാഗങ്ങളില്‍ പാളങ്ങള്‍ ഉയര്‍ത്തി വെക്കും. ജൂണ്‍ അവസാനത്തോടെ പാളം ഉയര്‍ത്തിവെക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ ഡി.എം.ആര്‍.സി തീരുമാനിച്ചിരുന്നെങ്കിലും മഴമൂലം നീളുകയായിരുന്നു. ആകെ 7000 ടണ്‍ പാളമാണ് കൊച്ചി മെട്രോ പദ്ധതിക്ക് വേണ്ടത്. ഇതില്‍ 3500 ടണ്‍ പാളമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ ടാറ്റ സ്റ്റീല്‍ കമ്പനിയാണ് പാളം നിര്‍മിച്ചുനല്‍കുന്നത്. മൂന്നുമാസം മുമ്പാണ് പാളം പ്രത്യേക കപ്പലില്‍ കൊച്ചിയില്‍ എത്തിച്ചത്. ബാക്കിയുള്ള പാളം ഒക്ടോബറില്‍ ലഭിക്കും. കോച്ചുകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള തേര്‍ഡ് റെയില്‍ ജര്‍മനിയില്‍നിന്നാണ് എത്തിച്ചത്. റെയില്‍ ടെക് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചുനല്‍കുന്നത്. ആലുവ മുതല്‍ ഇടപ്പള്ളിവരെ ഒറ്റയടിക്ക് പാളങ്ങള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍, സാങ്കേതികതടസ്സം നേരിട്ടതിനാല്‍ ഘട്ടങ്ങളായി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.