ആയോധന കലകളിലെ മാസ്റ്റര്‍ അമാനുല്ലയെ അനുസ്മരിച്ചു

മട്ടാഞ്ചേരി: ആയോധന കലകളില്‍ കൊച്ചിക്ക് മേല്‍വിലാസം സമ്മാനിച്ച എം.എ. അമാനുല്ല മാസ്റ്റര്‍ വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്. കരാട്ടേ, കുങ്ഫു അടക്കമുള്ള വിദേശ ആയോധന കലകളെ കൊച്ചിക്ക് പരിചയപ്പെടുത്തുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് അമാനുല്ലയായിരുന്നു. 1985 ആഗസ്റ്റ് 23ന് തൃശൂരില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് പുഴയിലേക്ക് മറിഞ്ഞായിരുന്നു അമാനുല്ല മരിച്ചത്. 23 വയസ്സ് മാത്രമായിരുന്നു അമാനുല്ലയുടെ പ്രായം. 13 ആളുകളെ നിരത്തിയിരുത്തി അവര്‍ക്ക് മുകളിലൂടെ വായുവില്‍ പറന്ന് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു ആകസ്മിക മരണം. കായികലോകം ഉറ്റുനോക്കിയിരുന്ന അമാനുല്ലയുടെ മരണം കായികപ്രേമികളെ ഏറെ നിരാശരാക്കി. 23 വയസ്സിനുള്ളില്‍തന്നെ നൂറുകണക്കിന് ശിഷ്യഗണങ്ങളെ അമാനുല്ല സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലായി വാര്‍ത്തെടുത്തിരുന്നു. അമാനുല്ലയുടെ 30ാമത് ചരമവാര്‍ഷികം ഇന്‍റര്‍ നാഷനല്‍ ഡൈനാമിക് സെല്‍ഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ മട്ടാഞ്ചേരി, പുതിയറോഡ് അല്‍അമീന്‍ സ്കൂളില്‍ സംഘടിപ്പിച്ചു. കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടേ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഐ. അഷറഫ് അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ കെ.ജെ. സോഹന്‍, കൗണ്‍സിലര്‍ കെ.എം. റഹീം, സംസ്ഥാന ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി എം.എം. സലീം, തണ്ടാശ്ശേരി സനല്‍കുമാര്‍, അമീര്‍ മദനി, എം.ജി. രമേഷ്, കെ.എം. അബ്ദുല്‍ഗഫൂര്‍, പി.യു. നിസാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.