മതേതര മൂല്യങ്ങള്‍ മുറുകെപിടിച്ച് മുന്നേറണം –മന്ത്രി ബാബു

കൊച്ചി: മതേതര മൂല്യങ്ങള്‍ മുറുകെപിടിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ബാബു. കാക്കനാട് സിവില്‍ സ്റ്റേഷനിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് 69 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി രാജ്യം മാറിക്കഴിഞ്ഞു. രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ തന്നെ തീവ്രവാദമടക്കമുള്ള വെല്ലുവിളികളും ശക്തമാകുന്നുണ്ട്. ശാസ്ത്ര സാങ്കേതികരംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മേഖല കാന്‍സര്‍ ചികിത്സ കേന്ദ്രത്തിന്‍െറ നിര്‍മാണം കളമശ്ശേരിയില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.ഇതിന് മുന്നോടിയായി ഒൗട്ട് പേഷ്യന്‍റ് വിഭാഗം ഉടനെ പ്രവര്‍ത്തനം തുടങ്ങും. വികസനവും കരുതലും രണ്ടു ചിറകുകളാക്കിയാണ് സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലുകള്‍ക്ക് അര്‍ഹരായ പൊലീസുകാര്‍ക്ക് മന്ത്രി മെഡലുകള്‍ വിതരണം ചെയ്തു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ.എം. ഷാജി, ഹോമിയോ ചികിത്സാരംഗത്തെ പ്രഗല്ഭനായ ഡോ. ടി.എസ്. രാമചന്ദ്ര വാര്യര്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പി.വി. വര്‍ക്കി, അലിക്കുട്ടി സാഹിബ്, പി.എ. ഡീന്‍സ്, എ.കെ. വര്‍ക്കി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും ചടങ്ങില്‍ ആദരിച്ചു. വിവിധ ഓപറേഷനുകളില്‍ രാജ്യത്തിനുവേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരായ സി.കെ. നായിക്, രാമന്‍ രവി, വി.എസ്. വാസുദേവന്‍ എന്നിവരുടെ പത്നിമാരെയും ആദരിച്ചു. മന്ത്രിയെ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, എറണാകുളം റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസ്, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് പി. പത്മകുമാര്‍, അസി. കലക്്ടര്‍ എയ്ഞ്ചല്‍ ഭട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലി, സബ് കലക്ടര്‍ എസ്. സുഹാസ്, എ.ഡി.എം പി. പത്മകുമാര്‍, അസി. കലക്ടര്‍ ഏയ്ഞ്ചല്‍ ഭട്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം മന്ത്രി തുറന്ന ജീപ്പില്‍ പരേഡ് കമാന്‍ഡര്‍ കൊച്ചി ആംഡ് റിസര്‍വ് പൊലീസ് ഇന്‍സ്പെക്്ടര്‍ ഇ.ജെ. ജോസഫിന്‍െറ അകമ്പടിയോടെ പരേഡ് പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് പാസ്്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗായകസംഘം ദേശഭക്തിഗാനം ആലപിച്ചു. പൊലീസിന്‍െറ വിവിധ വിഭാഗങ്ങളും സീനിയര്‍ ഡിവിഷന്‍ സീ കേഡറ്റ്സ്, എന്‍.സി.സി ആര്‍മി വിങ് എന്നിവയും അടക്കം ഏഴ് സായുധ യൂനിറ്റുകളും 18 അണ്‍ ആഡ് യൂനിറ്റുകളും പരേഡില്‍ അണിനിരന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.