നഗരത്തിലെ റോഡുകള്‍ നിറയെ കുഴികള്‍; യൂത്ത്കോണ്‍ഗ്രസ് എന്‍ജിനീയറെ ഉപരോധിച്ചു

ആലുവ: ആലുവ നഗരത്തിലെ പ്രധാന റോഡുകളെല്ലാം കുഴികള്‍ നിറഞ്ഞ അവസ്ഥയിലാണ്. പമ്പ്കവല, ബാങ്ക് കവല, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരം, നഗരസഭ ഓഫിസ് പരിസരം തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും വന്‍ ഗര്‍ത്തങ്ങളാണ്. ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് മറിയുന്നതും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്. വലിയ വാഹനങ്ങള്‍ കുഴിയില്‍ വീണ് ആക്സിലുകള്‍ ഒടിയുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വാഹനങ്ങള്‍ കുഴികളില്‍ വീണിരുന്നു. റോഡുകള്‍ നന്നാക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.എന്‍. സുജാതയെ ഉപരോധിച്ചു. ഉപരോധ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷെഫീഖ്, പി.ബി. സുനീര്‍, ജെബി മത്തേര്‍ ഹിഷാം, ഫാസില്‍ ഹുസൈന്‍, സുധീഷ് കപ്രശ്ശേരി, അജ്മല്‍ കാമ്പായി, ടിറ്റോ ജോയി, ശരത് നാരായണന്‍ ജയദേവന്‍, നര്‍ഷ ജോസഫ്, സുബിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.