ഹോംസ്റ്റേകളില്‍ മദ്യം വിളമ്പി ലാഭം കൊയ്യുന്നു

മട്ടാഞ്ചേരി: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയ ആദ്യം ഓണം മുതലെടുത്ത് മദ്യം വിളമ്പി ഹോംസ്റ്റേകള്‍ ലാഭം കൊയ്യുന്നു. ബിവറേജസ് ഒൗട്ട് ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം ഹോംസ്റ്റേകളില്‍ ആവശ്യക്കാര്‍ക്ക് വിളമ്പി ലാഭം കൊയ്യുകയാണ് പല ഹോംസ്റ്റേ ഉടമകളും ചെയ്യുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേരത്തേ ബാറുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മദ്യ വില്‍പന ഹോംസ്റ്റേകളിലേക്ക് നീങ്ങിയതോടെ ഇവിടങ്ങള്‍ ബാറുകള്‍ക്ക് തുല്യമായി മാറി. ഓണക്കാലത്തെ അനധികൃത മദ്യ വില്‍പന തടയുന്നതിനായി എക്സൈസ് വകുപ്പ് നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും ഹോംസ്റ്റേകളില്‍ പരിശോധന നടത്തുന്നില്ലന്നാണ് ആക്ഷേപം. ബിയര്‍ പാര്‍ലറുകള്‍ കേന്ദ്രീകരിച്ചുള്ള മദ്യ വില്‍പന തടയുന്നതിന് എക്സൈസ് വകുപ്പ് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോംസ്റ്റേകളില്‍ പരിശോധന നടത്തുന്നതിന് തടസ്സമാകുന്നത് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകളാണെന്നാണ് പരാതി. വ്യാജ മദ്യം ഒഴുകാതിരിക്കാനുള്ള നിരീക്ഷണവും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയത്തില്‍ വരുത്തിയ മാറ്റം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന നിരീക്ഷണവും അധികൃതര്‍ നടത്തുന്നു. കുമ്പളങ്ങി, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന വ്യാപകമാണെന്നാണ് ആക്ഷേപം. അനധികൃതമായി മദ്യം വിളമ്പിയയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നിരിക്കേ അധികൃതര്‍ ഇതിന് തയാറാകാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.