ജൂഡ്സണ് വേണ്ടി ഒരുദിവസം

കൊച്ചി: കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി കെ.എസ്.യു നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഒരു ദിവസം മുഴുവന്‍ അണിചേര്‍ന്നപ്പോള്‍ അത് പുതു ചരിത്രവുമായി. ശരീരം തളര്‍ന്ന് കിടപ്പിലായ പള്ളുരുത്തി സ്വദേശി ജൂഡ്സണ് വേണ്ടിയാണ് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അല്‍ ഷിഫ ബസ് വ്യാഴാഴ്ച ഒരു ദിനം മുഴുവന്‍ നഗരത്തില്‍ സര്‍വിസ് നടത്തിയത്. കാരുണ്യ യാത്ര എന്ന പേരില്‍ നടത്തിയ സര്‍വിസില്‍ ബസിന്‍െറ പൂര്‍ണ നിയന്ത്രണം വിദ്യാര്‍ഥികള്‍ക്കായിരുന്നു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാന്‍ മുഴുവന്‍ സമയ ഡ്രൈവറായി. ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി കണ്ടക്ടറും. ആലുവ, കോന്തുരുത്തി റൂട്ടിലായിരുന്നു കാരുണ്യ യാത്ര. 19 വര്‍ഷമായി നഗരത്തിലെ തെരുവോരങ്ങളില്‍ അലഞ്ഞ് തിരിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി വന്ന ജൂഡ്സണ്‍ കുറെ കാലമായി ശരീരം തളര്‍ന്ന് ആരോരുമില്ലാതെ കിടപ്പിലാണ്. രാവിലെ ഏഴിന്് ആലുവയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 9.30 ന് മേനക ജങ്ഷനില്‍ ഹൈബി ഈഡന്‍ എം.എല്‍.എ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഹൈബിയും നടന്‍ ഉണ്ണി മുകുന്ദനും കെ.പി.സി.സി സെക്രട്ടറി അബ്ദുല്‍ മുത്തലിബും ഒ.ഐ.സി.സി സൗദി അറേബ്യ പ്രസിഡന്‍റ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ യാത്രയില്‍ പങ്കാളികളായി. മേനക മുതല്‍ കലൂര്‍ വരെ ഇവരുടെ നേതൃത്വത്തിലാണ് ചികിത്സാ സഹായധനം സ്വരൂപിച്ചത്. വിദ്യാര്‍ഥികളുടെ ഇത്തരം കൂട്ടായ്മകള്‍ മാതൃകാപരമാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ജൂഡ്സന്‍െറ ചികിത്സക്കായി ആവുന്നതെല്ലാം ചെയ്യുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അറിയിച്ചു. കെ. സേതുരാജ്, കെ.പി. ശ്യാം, അരുണ്‍ വര്‍ഗീസ്, ജിതിന്‍ കടവത്ത്, ഫൈസല്‍ ഖാലിദ് എന്നിവരാണ് ഒരു ദിവസം മുഴുവന്‍ ബസ് സര്‍വീസ് നിയന്ത്രിച്ചതും സഹായധനം സ്വരൂപിച്ചതും. മഹാരാജാസ് കോളജിലെ വനിതാ പ്രവര്‍ത്തകരും ബസ് ഉടമകളായ യു.എ അബ്ദുല്‍ റഹീം, മാഹിന്‍ എന്നിവരും യാത്രയില്‍ പങ്കാളികളായി. രാത്രി 8.30 ന് എന്‍.എ.ഡിയില്‍ യാത്ര അവസാനിച്ചു. കെ.എസ്.യു നേതാക്കളായ നൗഫല്‍ കയന്‍റിക്കര, വിഷ്ണു പ്രദീപ്, അനൂപ് ഇട്ടന്‍, നിതിന്‍ സി.ബി, നോബല്‍, കോയ എന്‍. പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.