കൊച്ചിയില്‍ ജലദൗര്‍ലഭ്യം രൂക്ഷമെന്ന് സര്‍വേ

കൊച്ചി: മുനിസിപ്പല്‍ കോര്‍പറേഷന്‍െറ ജലനയ രൂപവത്കരണ ഭാഗമായി കോര്‍പറേഷന്‍െറ 74 വാര്‍ഡുകളില്‍ നടത്തിയ ജലസര്‍വേ പൂര്‍ത്തിയായെന്ന് മേയര്‍ അറിയിച്ചു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വേ നടത്തിയത്. കോര്‍പറേഷന്‍ പരിധിയിലെ 75 ശതമാനം കുടുംബങ്ങളും കുടിവെള്ളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നു. 25 ശതമാനത്തോളം ജനങ്ങള്‍ കിണര്‍, കുഴല്‍ക്കിണര്‍, ടാങ്കര്‍ ലോറി എന്നിവയെ ആശയിക്കുന്നുവെന്നും സര്‍വേയില്‍ വ്യക്തമായി. സര്‍വേ ഫലങ്ങള്‍ വിശകലനം ചെയ്തതില്‍ 40 ശതമാനത്തോളം പേര്‍ക്ക് വാട്ടര്‍ അതോറിറ്റിയില്‍നിന്ന് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ജലം ലഭിക്കുന്നില്ളെന്നും 24 ശതമാനത്തിനു മാത്രമേ മുഴുവന്‍ സമയവും വാട്ടര്‍ അതോറിറ്റിയില്‍നിന്ന് ജലം ലഭിക്കുന്നുള്ളൂ എന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്ന 36 ശതമാനം കുടുംബങ്ങള്‍ക്കും ജലദൗര്‍ലഭ്യം നേരിടുന്നു. ജല ഗുണനിലവാര പരിശോധനയില്‍ ഭൂഗര്‍ഭജലത്തില്‍ ഇരുമ്പിന്‍െറയും നൈട്രേറ്റ്, ക്ളോറൈഡ് എന്നിവയുടെയും അളവ് ഉയര്‍ന്നതോതിലാണെന്നും കണ്ടത്തെി. 95 ശതമാനം കുടുംബങ്ങളില്‍ ജലം തിളപ്പിച്ചാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും 10 ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജലശുദ്ധീകരണ മാര്‍ഗങ്ങളുള്ളത്. കോര്‍പറേഷന്‍ പരിധിയിലെ 50 ശതമാനം വീടുകളിലും സെപ്റ്റിക് ടാങ്കും കിണറും തമ്മിലുള്ള അകലം ഏഴ് മീറ്ററില്‍ താഴെ ആണെന്നും കണ്ടത്തെി. അതുപോലെ തന്നെ സെപ്റ്റിക് ടാങ്കിന്‍െറ ഗുണനിലവാരമില്ലായ്മയും ശരിയായ പരിപാലനത്തിന്‍െറ അഭാവവും ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യത്തിന് പ്രധാനകാരണമായി കണക്കാക്കുന്നു. കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കച്ചേരിപ്പടി തുടങ്ങിയ വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 65 ശതമാനം വീടുകളും കോണ്‍ക്രീറ്റ് മേല്‍ക്കൂര ഉള്ളവയാണെങ്കിലും കേവലം 11 ശതമാനം വീടുകളില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള സംഭരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ. മഴവെള്ള സംഭരണിയുടെ പരിപാലനത്തിലും ഫില്‍ട്ടറുകളുടെ കാര്യക്ഷമമായ ഉപയോഗത്തിലും ജനങ്ങള്‍ വീഴ്ച വരുത്തുന്നുണ്ടെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു. രൂക്ഷമായ ജലദൗര്‍ലഭ്യത്താലും ജലത്തിന്‍െറ ഗുണനിലവാരമില്ലായ്മയാലും 21 ശതമാനം ആളുകള്‍ തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, 26 ശതമാനം ജനങ്ങള്‍ വീടുകളിലെ ജലഉപഭോഗം കുറക്കാന്‍ റീയൂസ്, റീ സൈക്ളിങ് മുതലായ രീതികള്‍ അവലംബിക്കുന്നു. എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍വേ ഫലം ശാസ്ത്രീയമായി വിശകലനം ചെയ്തത്. കോര്‍പറേഷനിലെ 74 വാര്‍ഡുകളില്‍ ഓരോ വാര്‍ഡില്‍നിന്ന് 200 വീതമാണ് സര്‍വേക്ക് വിധേയമായത്. ഒരുനമ്പറില്‍നിന്ന് നാല് അംഗങ്ങള്‍ എന്നരീതിയില്‍ 60,000 ത്തോളം പേര്‍ സര്‍വേയുടെ ഭാഗമായി. വീടുകള്‍ മാത്രമല്ല ആശുപത്രികള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഓഫിസുകള്‍ അങ്ങനെ എല്ലാവിധസ്ഥാപനങ്ങളും ഈ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിനായി വിഭാവനം ചെയ്യുന്ന ജലനയം സെപ്റ്റംബര്‍ ആദ്യവാരം ഒൗദ്യോഗികമായി പുറത്തിറക്കുമെന്ന് മേയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.