മൂവാറ്റുപുഴ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുന്നക്കാല്‍ സി.ടി.സി ഓലിക്കോട്ടുചിറ നവീകരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലാനീന്തല്‍ പരിശീലനകേന്ദ്രം മന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് മൂവാറ്റുപുഴ വാളകം ഡിവിഷനില്‍ 50 ലക്ഷം രൂപ മുടക്കിയാണ് കുളം നിര്‍മിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മേക്കടമ്പ് പഞ്ചായത്ത് ജങ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മേക്കടമ്പ്-മഴുവന്നൂര്‍ റോഡിന് സമീപം കുന്നക്കാല്‍ സി.ടി.സി ജങ്ഷനിലാണ് കേന്ദ്രം സജ്ജമാക്കിയത്. 75 മീറ്റര്‍ നീളവും 65 മീറ്റര്‍ വീതിയുമുള്ള സി.ടി.സി ഓലിക്കോട്ടുചിറയുടെ ചുറ്റുമതിലുകള്‍ നവീകരിച്ച് ഇരുവശവും നടപ്പാതയും ടൈലുകള്‍ പാകി മനോഹരമാക്കി. ഉറവജലംകൊണ്ട് സമൃദ്ധമായ ചിറയില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിക്കാന്‍ 75 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും തയാറാക്കിയ കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോമില്‍ 110 സെന്‍റീമീറ്റര്‍ വെള്ളം നിറയുമ്പോള്‍ പ്രത്യേകം സജ്ജമാക്കിയ വാല്‍വിലൂടെ അധികജലം പുറത്തുപോകും. അവശ്യസന്ദര്‍ഭങ്ങളില്‍ ചിറയിലെ വെള്ളം പൂര്‍ണമായി വറ്റിക്കുന്നതിന് പ്രത്യേകം ഷട്ടര്‍ സൗകര്യം ഒരുക്കി. പരിശീലന പ്ളാറ്റ്ഫോമിന് ശേഷമുള്ള വിസ്തൃതമായ ഭാഗത്ത് 20 അടി വെള്ളം സദാസമയവും നിറഞ്ഞുനില്‍ക്കും. ചാടിക്കുളിക്കാനും നീന്തല്‍ മത്സരങ്ങള്‍ നടത്താനും പ്രത്യേക സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുളിക്കാനായി പ്രത്യേക കുളിക്കടവുകള്‍ ഇതോടൊപ്പം ക്രമീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്ന് നീന്തല്‍ പരിശീലിക്കുന്നതിന് എത്തിച്ചേരുന്ന കുട്ടികള്‍ക്ക് ഡ്രസിങ് റൂമും ടോയ്ലെറ്റും ഒരുക്കിയിരിക്കുന്നു. ഇതോടനുബന്ധിച്ച് കുട്ടികളുടെ പാര്‍ക്കും സായാഹ്ന വിശ്രമത്തിന് പ്രത്യേക ചാരുബെഞ്ചുകളും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളിയും വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജും അറിയിച്ചു. രാത്രിയും നീന്തല്‍ പരിശീലിക്കത്തക്കരീതിയില്‍ ചിറക്ക് ചുറ്റും ആവശ്യമായ ലൈറ്റുകളും സ്ഥാപിച്ചു. കൂടാതെ, ചിറയുടെ ചുറ്റുഭാഗത്തും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും ഡിവിഷന്‍ മെംബറുകൂടിയായ ബിന്ദു ജോര്‍ജ് പറഞ്ഞു. മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് സാബു പി. വാഴയില്‍ പ്രോജക്ട് കോഓഡിനേറ്ററായി മൂന്നുഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് പാണ്ട്യാരപ്പിള്ളില്‍, വാളകം പഞ്ചായത്ത് പ്രസിഡന്‍റ് ഒ.വി. ബാബു, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.