ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ വന്ധ്യംകരണം നടത്തി

കൊച്ചി: കളമശ്ശേരി മുട്ടത്ത് പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ തെരുവുനായ്ക്കളെ ബ്രഹ്മപുരത്ത് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍െറ മള്‍ട്ടി സ്പെഷാലിറ്റി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. ആറോളം വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയമാക്കിയ മുഴുവന്‍ നായ്ക്കള്‍ക്കും ആന്‍റി റാബീസ് വാക്സിനേഷനും നല്‍കി പോസ്റ്റ് ഓപറേഷന്‍ കെയര്‍ വിഭാഗത്തിലേക്ക് മാറ്റി. കൂവപ്പടിയില്‍നിന്ന് ഡോഗ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച് മുട്ടത്ത് പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയവയാണ് ഈ നായ്ക്കള്‍. എസ്.പി.സി.എയുടെയും ഹുമാനിറ്റീസ് ഫോര്‍ അനിമല്‍സിന്‍െറയും പ്രവര്‍ത്തകരാണ് നായ്ക്കളെ ബ്രഹ്മപുരത്ത് എത്തിച്ചത്. മേയര്‍ ടോണി ചമ്മണി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പുനരധിവാസവും ലക്ഷ്യമാക്കി ബ്രഹ്മപുരത്ത് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍െറ കീഴിലെ മള്‍ട്ടി സ്പെഷാലിറ്റി വെറ്ററിനറി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണെന്ന് മേയര്‍ പറഞ്ഞു. ഇതിനകം മുന്നൂറോളം നായ്ക്കളുടെ വന്ധ്യംകരണം ബ്രഹ്മപുരത്തെ ആശുപത്രിയില്‍ നടത്തി. നായ്ക്കള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകളും ചികിത്സയും ആശുപത്രിയില്‍നിന്ന് നല്‍കുന്നുണ്ട്. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാറിന്‍െറയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ മാത്രം മതിയാവുകയില്ല. പൊതുജനങ്ങളും സംഘടകളും ഉള്‍പ്പെട്ട കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമെ ഈ വിഷയത്തില്‍ ശാശ്വതപരിഹാരം കണ്ടത്തൊനാകൂ. അത്തരത്തിലെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായി കൊച്ചിയില്‍ ഒരു മള്‍ട്ടി സ്പെഷാലിറ്റി വെറ്ററിനറി ആശുപത്രി കൂടി സ്ഥാപിക്കാന്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ തയാറാണെന്ന് മേയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.