ആഡംബര കാറുകള്‍ വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

കളമശ്ശേരി: സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ലേലത്തില്‍ പിടിച്ച ആഡംബര കാറുകള്‍ക്ക് കുറഞ്ഞ വില വാഗ്ദാനം നല്‍കി പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. ഇടപ്പള്ളി ടോള്‍ ഗേറ്റിനടുത്ത് തൈപറമ്പില്‍ വിപിന്‍ ബാബുവാണ് (38) കളമശ്ശേരി പൊലീസിന്‍െറ പിടിയിലായത്. ഇടപ്പള്ളിയിലെ ബ്ളായിപറമ്പില്‍ നവാസിന്‍െറ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ വിപിന്‍ മറ്റുതട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മനുഷ്യാവകാശ കമീഷന്‍ അംഗമാണെന്ന് കാണിക്കുന്ന ഐഡന്‍റിറ്റി കാര്‍ഡ് കൈവശം വെച്ച് ഐലന്‍ഡിലെ സെന്‍ട്രല്‍ എക്സൈസ് ഓഫിസില്‍ കയറുകയും പരാതിക്കാരനെ പുറത്തുനിര്‍ത്തി ഡെപ്യൂട്ടി കമീഷണറുമായി സംസാരിച്ച് പുറത്തിറങ്ങി എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ ലഭിക്കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ നേരിട്ട് സെന്‍ട്രല്‍ എക്സൈസ് ഓഫിസിലത്തെി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആഡംബര കാര്‍ നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയതായാണ് പരാതി. എ.കെ.ജി വാര്‍ഡില്‍ താമസിക്കുന്ന അനീഷ് എന്നയാളില്‍നിന്ന് മൂന്നുലക്ഷം രൂപ തമിഴ്നാട് സര്‍ക്കാറിന്‍െറ സിമന്‍റ് തുച്ഛവിലയ്ക്ക് വാങ്ങിനല്‍കാമെന്നുപറഞ്ഞ് തട്ടിയതായും പൊലീസ് പറഞ്ഞു. വരാപ്പുഴ ചെറിയപ്പിള്ളി സ്വദേശിയായ യുവാവില്‍നിന്ന് സെന്‍ട്രല്‍ എക്സൈസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം തട്ടിയെടുത്തു. ഹൈകോടതി ജഡ്ജിമാരായും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പരിചയമുണ്ടെന്നുപറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കളമശ്ശേരി സി.ഐ സി.ജെ. മാര്‍ട്ടിന്‍െറ നേതൃത്വത്തില്‍ കളമശ്ശേരി എസ്.ഐ വി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിപാപ്പു, സിവില്‍ പൊലീസ് ഓഫിസര്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.