വരള്‍ച്ച: പച്ചക്കറി വില കുതിച്ചുയരുന്നു

കാസര്‍കോട്: വരള്‍ച്ചയും വിളവെടുപ്പ് കുറഞ്ഞതും കാരണം പച്ചക്കറിയുടെ വില ഒരാഴ്ചക്കുള്ളില്‍ കുതിച്ചുയര്‍ന്നു. വേനല്‍മഴ വല്ലപ്പോഴും എത്തിയതിനാല്‍ വിളവെടുപ്പ് നടക്കാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി 90 രൂപയാണ് പച്ചമുളകിന്‍െറ വില. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ ഇരട്ടിയിലധികം വിലയായി. വരവ് കുറഞ്ഞതിനാല്‍ ജില്ലയില്‍ തക്കാളിയുടെ വിലയും കുതിച്ചുയരുകയാണ്. പത്തുദിവസം മുമ്പ് കിലോക്ക് 16 രൂപയുണ്ടായിരുന്ന തക്കാളിക്ക് 44 രൂപയാണ് ഇപ്പോള്‍ വില. 34 രൂപയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ നൂറ് രൂപയാണ് വില. തക്കാളിയും മറ്റ് പച്ചക്കറികളും മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് പ്രധാനമായും കാസര്‍കോടന്‍ വിപണിയിലത്തെുന്നത്. എന്നാല്‍, മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയിലാണ്. അതിനാല്‍ പച്ചക്കറി വിപണിയിലത്തൊത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. പയറിന് 36ല്‍ നിന്ന് 66 രൂപയായി. മുരിങ്ങക്ക് 30നിന്ന് 60 ആയി. മറ്റ് പച്ചക്കറികളുടെ വിലയും കുത്തനെ ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സവാള, ചെറിയ ഉള്ളി, വഴുതിന, നരമ്പന്‍, കപ്പ, ചീര, കോളിഫ്ളവര്‍ എന്നിവക്കും വില കൂടിയിട്ടുണ്ട്. എന്നാല്‍, ഒരു രൂപ മുതല്‍ മൂന്ന് രൂപ വരെ മാത്രം. കര്‍ണാടക, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ എത്തുന്നുണ്ട്. അവക്കും വില കുത്തനെ കൂടുകയാണ്. കരിമ്പ് കിട്ടാത്തതിനാല്‍ പഞ്ചസാര, വെല്ലം എന്നിവയുടെ വിലയും കൂടി. കഴിഞ്ഞ ഡിസംബറില്‍ 22 രൂപയുണ്ടായിരുന്ന പഞ്ചസാര വില ഫെബ്രുവരിയില്‍ 32 ആയി. ഇപ്പോള്‍ 38 രൂപയാണ്. 32 രൂപയുണ്ടായിരുന്ന വെല്ലത്തിന്‍െറ വില ഇപ്പോള്‍ 38. സാധനങ്ങള്‍ക്ക് വിപണിയില്‍ വിലയുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കുന്നില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.