ഈ സ്കൂള്‍ ഇനി അടച്ചുപൂട്ടേണ്ട : കടലിന്‍െറ മക്കളുടെ വിദ്യാലയത്തിന് നാട്ടുസഭയുടെ തണല്‍

കാസര്‍കോട്: ഇത്തവണ സ്കൂള്‍ തുറക്കുന്നതുവരെ ബേക്കല്‍ കടലോരത്തെ ഗവ. ഫിഷറീസ് എല്‍.പി സ്കൂളിലെ അധ്യാപകര്‍ ആശങ്കയുടെ നടുക്കടലിലായിരുന്നു. തിരമാലകളുടെ പാട്ടുകേട്ട് കടല്‍കാറ്റിന്‍െറ തലോടലേറ്റ് ഈ ക്ളാസ് മുറികളിലിരിക്കാന്‍ ആരും കൊതിക്കും. പക്ഷേ, ഒന്നാം ക്ളാസിലേക്ക് കുട്ടികളാരും എത്തിയിരുന്നില്ല്ള. കടലിന്‍െറ മക്കള്‍ക്കുവേണ്ടി തുടങ്ങിയ ഏഴ് പതിറ്റാണ്ട് പ്രായമുള്ള സര്‍ക്കാര്‍ വിദ്യാലയം അടച്ചു പൂട്ടേണ്ടി വരുമോ എന്ന ആധി അകറ്റിയത് നാട്ടുസഭയുടെ ഇടപെടലാണ്. മൂന്ന് അധ്യയന ദിനങ്ങള്‍ കൂടി പിന്നിട്ടപ്പോള്‍ കുട്ടികളുടെ എണ്ണം ഒമ്പതായി. രണ്ടാം ക്ളാസിലും രണ്ട് കുട്ടികളത്തെി. ഇനിയും കുട്ടികളത്തൊന്‍ സാധ്യതയുണ്ടെന്ന് നാട്ടുകൂട്ടം പ്രവര്‍ത്തകരും അധ്യാപകരും പറയുന്നു. ഈ സ്കൂളിനെ അവഗണിച്ച് ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കള്‍ 50,000 രൂപ പിഴയടക്കണമെന്ന തീരുമാനം ആയുധമാക്കിയാണ് നാട്ടുകൂട്ടം സ്കൂളിന്‍െറ ദുര്‍ഗതിയകറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുതുതായി സ്കൂളിലയക്കുന്ന കുട്ടികളെ ഗവ. ഫിഷറീസ് സ്കൂളില്‍ ചേര്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ വീടുകള്‍തോറും കയറിയിറങ്ങി നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിക്കാന്‍ തയാറാകാത്ത വീട്ടുകാര്‍ക്കാണ് പിഴ ചുമത്താന്‍ നിശ്ചയിച്ചത്. ഇങ്ങനെ സ്വരൂപിക്കുന്ന തുക സ്കൂളിന്‍െ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാനാണ് തീരുമാനം. നാട്ടുസഭയുടെ തീരുമാനം നോട്ടീസ് രൂപത്തില്‍ നാട്ടിലാകെ പ്രചരിപ്പിച്ചു. അതിന് ഫലവുമുണ്ടായി. മറ്റ് സ്കൂളുകളില്‍ ചേര്‍ത്ത കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇവിടെയത്തെിച്ചു. കൂടുതല്‍ കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഞായറാഴ്ചയും നാട്ടുസഭയുടെ യോഗം ചേര്‍ന്നിരുന്നു. പഠന നിലവാരം കുറഞ്ഞതല്ല, ഗള്‍ഫില്‍ പോയും കപ്പലില്‍ ജോലി നേടിയും സാമ്പത്തിക നില ഉയര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം സ്കൂളുകളോട് ആഭിമുഖ്യം ഏറിയതാണ് സ്കൂളിന്‍െറ അധോഗതിക്ക് കാരണമായതെന്ന് നാട്ടുസഭയുടെ മേല്‍നോട്ടം വഹിക്കുന്ന ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കാരി കാരണവര്‍പറഞ്ഞു. ഒരുകാലത്ത് എല്ലാവിഭാഗം കുട്ടികളും ആശ്രയിച്ചിരുന്ന സ്കൂള്‍ ഇപ്പോള്‍ മത്സ്യത്തൊഴിലാളികളില്‍ ഒന്നുമില്ലാത്തവരുടെ മക്കളെ മാത്രം പഠിക്കാനയക്കുന്ന സ്ഥാപനമായി. ഈ സ്ഥിതി മാറ്റാനാണ് നാട്ടുസഭ ഇടപെട്ടതെന്ന് കാരി കാരണവര്‍ വിശദീകരിച്ചു. കടലോരത്തിന്‍െറ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ബേക്കല്‍ രാമഗുരുവിന്‍െറ കാലത്ത് മരച്ചുവട്ടില്‍ ഇരുന്ന് മണലില്‍ എഴുതി പഠിപ്പിച്ച എഴുത്തു കൂടമായി തുടങ്ങിയ വിദ്യാലയം 1938ല്‍ ബ്രിട്ടീഷ് സര്‍ക്കാറാണ്് പ്രൈമറി സ്കുളായി ഉയര്‍ത്തിയത്. മീന്‍ ഉണക്കാനുപയോഗിച്ചിരുന്ന ഷെഡ്ഡിലും സ്വകാര്യ വ്യക്തിയുടെ വീട്ടിലുമായിരുന്നു സ്കൂളിന്‍െറ ആദ്യകാല പ്രവര്‍ത്തനം. ഇവിടെ പഠിച്ചവര്‍ പലരും ഉന്നത ന്യായാധിപന്‍മാരും വ്യോമസേനാ മേധാവികളും ലോക ബാങ്കിലെ ഉദ്യോഗസ്ഥരുമായി മാറിയിട്ടുണ്ടെന്ന് 1946ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന റിട്ട. അധ്യാപിക എ. ഭാര്‍ഗവി ടീച്ചര്‍ (75) പറഞ്ഞു. 1970-80 കാലയളവില്‍ ഈ സ്കൂളിലെ ക്ളാസ് മുറികളില്‍ വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ് ഇരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയായിരുന്നുവെന്ന് സ്കൂളിന്‍െറ പി.ടി.എ ഭാരവാഹിയായ ശ്രീജിത്ത്, പൂര്‍വ വിദ്യാര്‍ഥികളായ മണി, സത്യന്‍ എന്നിവര്‍ പറയുന്നു. 250 കുട്ടികള്‍ വരെ ഇവിടെ പഠിച്ചിരുന്നു. ഒന്നാംക്ളാസില്‍ മാത്രം 70 ഓളം കുട്ടികളുണ്ടായിരുന്ന കാലത്തിന് അസ്തമയമുണ്ടായത് അടുത്തകാലത്താണ്. ഒന്ന് മുതല്‍ നാല്വരെ ക്ളാസുകളിലായി ഇപ്പോള്‍ ആകെയുള്ളത് 53 കുട്ടികള്‍. ഇവര്‍ക്ക് നാല് അധ്യാപകരും. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസിലത്തെിയത് 15 കുട്ടികളായിരുന്നു. അതിന് മുമ്പത്തെ വര്‍ഷം ഒമ്പതും. അഞ്ച് വര്‍ഷത്തോളമായി ഈ സ്ഥിതി തുടരുകയാണ്. സാമ്പത്തിക ശേഷിയുള്ള തീരവാസികള്‍ മക്കളെ കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ള ഇംഗ്ളീഷ് മീഡിയം സു്കൂളുകളിലയക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിലാണ് നാട്ടുസഭയുടെ ഇടപെടലുണ്ടായത്. രക്ഷിതാക്കളുടെ സഹകരണത്തോടെ ഇംഗ്ളീഷ് മീഡിയം ക്ളാസുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള ആലോചനയിലാണ് നാട്ടുസഭ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.