മണലൂറ്റും കടത്തും സജീവം; പൊലീസ് ഉറക്കത്തില്‍

കാസര്‍കോട്: നിരോധിച്ച പുഴകളില്‍നിന്നുള്ള മണലൂറ്റും കര്‍ണാടകയില്‍നിന്നുള്ള അനധികൃത കടത്തും സജീവമായിട്ടും ജില്ലാ പൊലീസിന് അനക്കമില്ല. മണലൂറ്റ് നിരോധിച്ച ചന്ദ്രഗിരിപ്പുഴയില്‍നിന്ന് വന്‍ തോതില്‍ മണലൂറ്റുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് ലോഡു കണക്കിന് മണല്‍ അനധികൃതമായി കടത്തിക്കൊണ്ടുവരുന്നതിനും പൊലീസിന്‍െറ ‘അകമ്പടി’യുണ്ടെന്ന് ആരോപണമുണ്ട്. ചന്ദ്രഗിരിപ്പുഴയിലെ തുരുത്തി സന്ധ്യയായാല്‍ മണല്‍ മാഫിയയുടെ പിടിയിലാണ്. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളിലെ വെളിച്ചത്തിന്‍െറ അകമ്പടിയിലാണ് ലോഡുകണക്കിന് മണല്‍ കടത്തുന്നത്. തോണിയില്‍നിന്ന് ഇറക്കുന്ന മണല്‍ അര്‍ധരാത്രിയോടെ ടിപ്പറുകളിലാണ് ഗുണ്ടകളുടെ അകമ്പടിയോടെ ലക്ഷ്യത്തിലത്തെിക്കുന്നത്. 10000 രൂപ വരെ വില ഈടാക്കിയാണ് മണല്‍ വില്‍പന. ഗുണ്ടകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ വില ഈടാക്കുന്നത് വാക്കേറ്റത്തിന് ഇടയാക്കുന്നതും പതിവാണ്. മണല്‍ പിടികൂടാന്‍ വരുന്നവരുണ്ടെങ്കില്‍ വിവരം അറിയിക്കാന്‍ അണംകൂര്‍, പച്ചക്കാട്, തുരുത്തിപാലം, നായന്മാര്‍മൂല, പെരുമ്പളക്കടവ് എന്നിവിടങ്ങളില്‍ ഗുണ്ടകളുടെ കാവലുണ്ടാകും. ഒരു ഹെഡ്ലൈറ്റ് മാത്രം ഉപയോഗിച്ചാണ് ടിപ്പറുകള്‍ മണലുമായി ചീറിപ്പായുന്നത്. മണല്‍ കടത്ത് വ്യാപകമാകുമ്പോള്‍ പ്രദേശത്തെ വൈദ്യുതി നിലക്കുന്നതും പതിവാണ്. മണല്‍ക്കൊള്ളയെ സഹായിക്കാന്‍ ഫ്യൂസ് ഊരുന്നതാണ് കാരണം. ഒറ്റ ലൈറ്റുമായി ടിപ്പര്‍ ചീറിപ്പായുമ്പോള്‍ ബൈക്കാണെന്ന് കരുതി അപകടമുണ്ടാകുന്നതും ചിലപ്പോള്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. തുരുത്തിക്ക് പുറമെ ചേറൂര്‍ കടവ്, പെരുമ്പളക്കടവ് തുടങ്ങി ചന്ദ്രഗിരിപ്പുഴയിലെ വിവിധ കടവുകളില്‍ ഇതുപോലെ മണല്‍ കടത്ത് വ്യാപകമാണ്. ഇതു സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ണാടകയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തിക്കൊണ്ടുവരുന്നതിനും പൊലീസിന്‍െറ ഒത്താശയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇങ്ങനെ കടത്തിയ ലോഡ് കണക്കിന് മണല്‍ മഞ്ചേശ്വരം മേഖലയില്‍ സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ച് വില്‍പന നടത്തുകയാണ്. പൊലീസിന് വിവരം നല്‍കിയിട്ടും പിടിക്കാന്‍ തയാറാവുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. വോര്‍ക്കാടി കിദമ്പാടിയില്‍നിന്ന് ഏതാനും ദിവസം മുമ്പ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ 100 ലോഡ് മണല്‍ പിടിച്ചതോടെ കഴിഞ്ഞ ദിവസം കുമ്പള പൊലീസ് 140 ലോഡ് പിടിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ആക്ഷേപമുയര്‍ന്നു. മഞ്ചേശ്വരം, പെര്‍മുദെ, ബായാര്‍, പൈവളിഗെ എന്നിവിടങ്ങളിലും സ്വകാര്യ വ്യക്തികള്‍ ലോഡ് കണക്കിന് മണല്‍ സൂക്ഷിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ കര്‍ണാടകയില്‍നിന്ന് കൊണ്ടുവരുന്ന മണല്‍ വ്യാജ പാസുണ്ടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് മാഫിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.