വെള്ളരിക്കുണ്ട്: അർധരാത്രി വീട്ടുമുറ്റത്ത് കഴുത്തിന് മുറിവേറ്റനിലയിൽ കണ്ട ഗൃഹനാഥനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. നറുക്കിലക്കാട്ടെ മുൻ ചുമട്ടുതൊഴിലാളി വരക്കാെട്ട പാറയ്ക്കൽ പി.സി. വർഗീസാണ് (63) കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ചത്. ഞായറാഴ്ച രാത്രി 12ഒാടെയാണ് സംഭവം. വീട്ടിൽ വർഗീസും ഭാര്യ ഗ്രേസിയും മാത്രമാണ് താമസം. രാത്രി മൂത്രം ഒഴിക്കാൻ മുറ്റത്തിറങ്ങിയ വർഗീസ് ഏറെനേരം കഴിഞ്ഞിട്ടും തിരികെവന്നില്ലത്രെ. അന്വേഷിക്കാൻ ഗ്രേസി മുറ്റത്ത് ഇറങ്ങാൻ നോക്കുമ്പോൾ മുൻവശത്തെ വാതിൽ പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. അടുക്കളവാതിലിലൂടെ പുറത്തിറങ്ങിയപ്പോഴാണ് കഴുത്തിന് മുറിവേറ്റനിലയിൽ കണ്ടത്. സമീപത്തായി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും കണ്ടെത്തി. ഉടനെ നാട്ടുകാരും ബന്ധുക്കളും വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുറിവ് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. മരണത്തിൽ ബന്ധുക്കൾ സംശയംപ്രകടിപ്പിച്ചതിനാൽ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. സ്വയം മുറിവേൽപിച്ചതാണോ എന്ന് സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽമാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ചെറുപുഴ കാക്കയംചാൽ അസംബ്ലി ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ: ഷിജു (പാസ്റ്റർ, കാഞ്ഞങ്ങാട്), ഷിനു (ഓരിറ്റിസ് വില്ലേജ്, കാഞ്ഞങ്ങാട്), ഷിബു (ഗൾഫ്). മരുമക്കൾ: ഷീജ, പ്രസി, ബെസി. സഹോദരങ്ങൾ: പാപ്പച്ചൻ (മങ്ങോട്), കുഞ്ഞമ്മ, പി.സി. അബ്രഹാം, പി.സി. സ്കറിയ, ഏലിയാമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.