തൃക്കരിപ്പൂർ: കാരുണ്യപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാൻ സദ്യവിളമ്പുന്ന 'പാഥേയം' കൂട്ടായ്മ ഹർത്താൽ ദിനത്തിലും ആളുകൾക്ക് തുണയായി. ഹർത്താൽദിവസം ആഹാരം ലഭിക്കാതെ വലഞ്ഞ വഴിയാത്രക്കാർ, ഭിക്ഷക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, നിയമപാലകർ എന്നിവർക്കെല്ലാം ഒരുനേരത്തെ ആഹാരം എത്തിച്ച ചാരിതാർഥ്യത്തിലാണ് കൂട്ടായ്മ. തൃക്കരിപ്പൂർ, പയ്യന്നൂർ പ്രദേശങ്ങളിലുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് പാഥേയത്തിന് പിന്നിൽ. കരുണ ലക്ഷ്യമിട്ട് ആരംഭിച്ച ഗ്രൂപ്പ് പണം കണ്ടെത്താനുള്ള വഴിയായാണ് സദ്യവിളമ്പൽ ഏറ്റെടുത്തത്. സാധാരണക്കാർ മുതൽ സർക്കാർ ജീവനക്കാർ വരെ കൂട്ടായ്മയുടെ ഭാഗമാണ്. ഹർത്താൽദിനത്തിൽ തൃക്കരിപ്പൂർ, പയ്യന്നൂർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകിയാണ് തുടങ്ങിയത്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മനസ്സിലാക്കിയാണ് പാഥേയം പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്. 130ഓളം പൊതിച്ചോറുകളാണ് ഇന്ന് ഈദിവസം നൽകിയത്. സാധാരണക്കാരുടെ ഏക ആശ്രയമായ ഗവൺമെൻറ് ഹോസ്പിറ്റലുകൾ തെരഞ്ഞെടുത്തായിരുന്നു ഇന്നത്തെ പ്രവർത്തനം. നൂറിലധികം വരുന്ന പ്രവർത്തകർ ഇതിനുപിന്നിൽ അണിനിരന്നു. സനോജ് ഭാവന, അശോകൻ പയ്യന്നൂർ, അനിൽ ഉദിനൂർ, പ്രകാശൻ പുത്തൂർ, ആശിഷ് നാരായണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.