നിർമാണപ്രവൃത്തികളുടെ പുരോഗതി യഥാസമയം പൊതുജനങ്ങളെ അറിയിക്കണം --എം.എൽ.എ തളിപ്പറമ്പ്: പൊതുമരാമത്ത് റോഡ്സ്, ബിൽഡി ങ്സ്, ബ്രിഡ്ജസ് വിഭാഗങ്ങളും വാട്ടർ അതോറിറ്റി, മൈനർ ഇറിഗേഷൻ വകുപ്പുകളും നടത്തിവരുന്ന നിർമാണ പ്രവൃത്തികളെ വിമർശിച്ച് െജയിംസ് മാത്യു എം.എൽ.എ. തളിപ്പറമ്പ് താലൂക്ക് പരിധിയിൽ നടക്കുന്ന വിവിധ നിർമാണ പ്രവർത്തനങ്ങളുടെ പ്രതിമാസ പുരോഗതി വിവിധ വകുപ്പുകൾ കൃത്യമായി താലൂക്ക് വികസന സമിതിയെ രേഖാമൂലം അറിയിക്കാൻ നിർദേശം നൽകണമെന്ന് െജയിംസ് മാത്യു എം.എൽ.എ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. വിവിധ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ എം.എൽ.എ കുറ്റപ്പെടുത്തി. പല പ്രവൃത്തികളും മുടങ്ങിക്കിടക്കുന്നതും പണി നീണ്ടുപോകുന്നതും ജനങ്ങൾക്കിടയിൽ പലപ്പോഴും വലിയ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട്. ജനപ്രതിനിധികളെ നിരന്തരമായി വിളിച്ച് നാട്ടുകാർ പരാതി ഉന്നയിക്കുന്ന സ്ഥിതിയുണ്ട്. താലൂക്ക് വികസന സമിതിയിലും ഇതേപ്പറ്റി നൂറുകണക്കിന് പരാതികൾ ഉന്നയിക്കപ്പെടുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാൻ ആർക്കും സാധിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ വിവിധ വകുപ്പുകൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവിധ നിർമാണ പ്രവർത്തനളെക്കുറിച്ചുമുള്ള പുരോഗതിയുടെ വിവരങ്ങൾ വികസന സമിതി യോഗത്തെ അറിയിക്കാൻ നിർദേശം നൽകണമെന്ന് എം.എൽ.എ സമിതി യോഗം മുമ്പാകെ നിർദേശിച്ചു. അനാവശ്യങ്ങളായ പരാതികൾ നിരന്തരമായി പലരും ഉന്നയിക്കുന്നതിനെതിരെയും എം.എൽ.എ വിമർശിച്ചു. സ്വന്തം വീടിന് സമീപം മൊബൈൽ ടവർ വരുന്നതിനെതിരെ പരാതി ഉന്നയിക്കുന്നവർതന്നെ വികസനപ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്ന് പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിർമാണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ നേരത്തെ ലഭ്യമാക്കാൻ നിർദേശം നൽകുമെന്ന് തഹസിൽദാർ സി.വി. പ്രകാശൻ യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.