ഉപതെരഞ്ഞെടുപ്പ്; തകരുന്നത് ബി.ജെ.പിയുടെ വ്യാമോഹം -കെ.എൻ. ബാലഗോപാൽ

പയ്യന്നൂർ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന സംഘ്പരിവാർ വ്യാമോഹം സ്വപ്നം മാത്രമായിരിക്കുമ െന്ന് തെളിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കാസർകോട് എം.പിയുമായിരുന്ന ടി. ഗോവിന്ദൻെറ എട്ടാം ചരമവാർഷിക ദിനമായ ബുധനാഴ്ച പയ്യന്നൂരിൽ നടന്ന അനുസ്മരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാർലമൻെറ് തെരഞ്ഞെടുപ്പിൽ വല്ലാത്ത തിരിച്ചടിയാണ് എൽ.ഡി.എഫിനുണ്ടായത്. ഇതിലൂടെ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും തകർക്കാമെന്നാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കരുതിയത്. ഇതിൻെറ ഭാഗമായാണ് പാല ഉപതെരഞ്ഞെടുപ്പ് നേരത്തേ നടത്തിയത്. പാലയിൽ കൂടി പരാജയപ്പെട്ടാൽ മറ്റ് അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ തോൽപിക്കാമെന്നും മൂന്ന് സീറ്റ് പിടിക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. ഇതാണ് പാലയിലെ വോട്ടർമാർ തകർത്തത്. പാലയുടെ അനുഭവം തന്നെയായിരിക്കും മറ്റു മണ്ഡലങ്ങളിലും സംഭവിക്കുക -ബാലഗോപാൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ 23,000 വോട്ടാണ് പാലയിൽ അധികമായി ലഭിച്ചത്. എൽ.ഡി.എഫിന് പ്രസക്തി നഷ്ടപ്പെട്ടു എന്ന യു.ഡി.എഫ്, എൻ.ഡി.എ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന പ്രചാരണമാണ് 19 സീറ്റ് യു.ഡി.എഫിന് ലഭിക്കാൻ കാരണം. രാഹുൽ കേരളത്തിൽ മത്സരിച്ചതോടെ കോൺഗ്രസ് കേരള പാർട്ടിയായി മാറി. രാജ്യത്തിൻെറ ജനാധിപത്യത്തിൻെറ നാല് തൂണുകളായ ലെജിസ്ലേറ്റിവും എക്സിക്യൂട്ടിവും ജുഡീഷ്യറിയും പ്രസും മോദിഭരണത്തിൽ വൻഭീഷണി നേരിടുകയാണ്. പാർലമൻെറിൽ മന്ത്രി ഒരു കടലാസ് വായിച്ചപ്പോഴാണ് ജമ്മു-കശ്മീർ എന്ന സംസ്ഥാനം ഇല്ലാതായതായി ജനപ്രതിനിധികൾപോലും അറിഞ്ഞത്. നാളെ കേരള സംസ്ഥാനം മൂന്ന് കേന്ദ്ര ഭരണ പ്രദേശമാക്കിയതായി അമിത്ഷാ പാർലമൻെറിനെ അറിയിച്ചാൽ അത്ഭുതപ്പെടാനില്ല -ബാലഗോപാൽ പറഞ്ഞു. രാവിലെ തെക്കെ മമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. തുടർന്ന് ഷേണായി സ്ക്വയറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ടി. കൃഷ്ണൻ, സി. കൃഷ്ണൻ എം.എൽ.എ, വി. നാരായണൻ, പി. സന്തോഷ്, സി. സത്യപാലൻ, കെ.വി. ഗോവിന്ദൻ, കെ.വി. ലളിത എന്നിവർ സംസാരിച്ചു. കെ.പി. മധു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.