ശ്രീകണ്ഠപുരം: വേനൽക്കാലത്ത് പതിവായി വരൾച്ച നേരിടുന്ന ചെങ്ങളായി പഞ്ചായത്തിൽ കുടിവെള്ളവിതരണ പദ്ധതി യാഥാർഥ്യമാകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി ജലവിഭവവകുപ്പ് അധികൃതർ പരിശോധന നടത്തി. ഇരിക്കൂറിൽനിന്ന് കടന്നുപോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതി ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി പഞ്ചായത്ത് എന്നിവിടങ്ങളെ ഒഴിവാക്കിയാണ് കുറുമാത്തൂർ മുതൽ പട്ടുവം വരെയുള്ള ഗുണഭോക്താക്കളിലെത്തിക്കുന്നത്. ചെങ്ങളായി പഞ്ചായത്തിന് നെടുകെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ കടന്നുപോയിട്ടും പദ്ധതിയിലൂടെ ഒരു തുള്ളിവെള്ളംപോലും പ്രദേശത്തുകാർക്ക് ലഭിച്ചിരുന്നില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാക്കി കിട്ടുന്നതിന് പലതവണയായി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി, മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവവകുപ്പ് ടെക്നിക്കൽ എൻജിനീയർമാർ എന്നിവരുമായി ചർച്ച നടത്തി. ഇതേതുടർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ജില്ല വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകുകയായിരുന്നു. ഇതിൻെറ ഭാഗമായാണ് ജലവിഭവ വകുപ്പ് എക്സി. എൻജിനീയർ, അസി. എക്സി. എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് സന്ദർശിച്ചത്. ടാങ്ക് നിർമിക്കാനുള്ള സ്ഥലം, പ്രധാന ടാങ്കിൽ നിന്നുള്ള പൈപ്പ്ലൈൻ പാത എന്നിവ പരിശോധിച്ചു. വിശദമായ പഠനത്തിനുശേഷം പ്രോജക്ട് റിപ്പോർട്ട് ഉടൻ തയാറാക്കി സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി യാഥാർഥ്യമാവുന്നതോടെ ചെങ്ങളായി ടൗണിൽ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും. പ്രസിഡൻറ് കെ.കെ. രത്നകുമാരി, സി.സി. ജയശ്രീ, എം. വേലായുധൻ, വി.പി. മോഹനൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. പൗൾട്രി ക്ലബ് ഉദ്ഘാടനം ശ്രീകണ്ഠപുരം: മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹൈസ്കൂളിൽ മൃഗസംരക്ഷണവകുപ്പ് സ്കൂൾ വിദ്യാർഥികളിൽ നടപ്പാക്കുന്ന പൗൾട്രി ക്ലബിൻെറ ഉദ്ഘാടനവും മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണവും നടത്തി. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. സുലോചന ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.പി. രഘുനാഥ് അധ്യക്ഷതവഹിച്ചു. വെറ്ററിനറി ഡോക്ടർ സുഭി ക്ലാസെടുത്തു. എ. രാഘവൻ, സി. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.