കൂത്തുപറമ്പ്: കനത്ത മഴയിൽ മണ്ണിടിഞ്ഞ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ചെറുവാഞ്ചേരിയിലുള്ള പകൽ വിശ്രമകേന്ദ്രം അപകടാവസ്ഥയിലായി. ചെറുവാഞ്ചേരി-കുന്നോത്തുപറമ്പ് റോഡിൽ പെട്രോൾപമ്പിന് സമീപം ആറുമാസം മുമ്പാണ് പകൽ വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. മുപ്പതടിയിലേറെ ഉയരത്തിൽനിന്ന് സമീപത്തെ പെട്രോൾ പമ്പിലേക്കാണ് മണ്ണിടിഞ്ഞത്. നേരത്തേ കുന്നിടിച്ച ഭാഗത്ത് അവശേഷിച്ച മൺകൂന വെള്ളക്കെട്ടിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ശാരീരികവും മാനസികവുമായി പ്രയാസം നേരിടുന്നവരെ പാർപ്പിക്കുന്നതിനാണ് പകൽ വിശ്രമകേന്ദ്രം സ്ഥാപിച്ചത്. മൂന്നു ജീവനക്കാരുൾപ്പെടെ 15 പേരാണ് സ്ഥിരമായി ഉണ്ടാവുക. രാവിലെ പ്രത്യേക വാഹനത്തിലെത്തിച്ചേരുന്നവർ വൈകീട്ട് വീട്ടിൽ പോകുന്നതുവരെ സുരക്ഷിതകേന്ദ്രത്തിൽ വിശ്രമിക്കുകയാണ് പതിവ്. ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ള സൗകര്യവും കേന്ദ്രത്തിൽ സൗജന്യമായി നൽകിവരുന്നുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഭയപ്പാടോടെയാണ് വിശ്രമകേന്ദ്രത്തിലുള്ളവർ കഴിയുന്നത്. മഴ കനക്കുന്നതോടെ കൂടുതൽ മണ്ണിടിഞ്ഞ് കെട്ടിടം തന്നെ അപകടാവസ്ഥയിലാവുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.