വ്യാപാരിയെ അധോലോക സംഘം തട്ടിക്കൊണ്ടുപോയി: പൊലീസ് വളഞ്ഞതോടെ ഉപേക്ഷിച്ചു

മഞ്ചേശ്വരം: വസ്ത്ര കട ഉടമയായ വ്യാപാരിയെ അധോലോക സംഘം തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞു പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെ സംഘം യുവാവിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയയിലാണ് സംഭവം. ഷിറിയ സ്വദേശി മുഗു മൂസയുടെ മകൻ അബൂബക്കർ സിദ്ദീഖിനെയാണ് (34) അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിലും ആള്‍ട്ടോ കാറിലുമാണ് സംഘമെത്തിയത്. പള്ളിയിൽ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ സിദ്ദീഖിനെ നാലുപേർ ചേർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് എ.എസ്.പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തുകയും നിരീക്ഷണം നടത്തുകയും ചെയ്തു. കാറിൻെറ നമ്പർ ദൃക്‌സാക്ഷികള്‍ പൊലീസിന് നൽകുകയും വിവരം വാട്സ് ആപ് വഴി പ്രചരിക്കുകയും ചെയ്തു. ഇതോടെ പല പ്രദേശങ്ങളിലും നാട്ടുകാർ പരിശോധന ആരംഭിച്ചു. യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനങ്ങള്‍ ഉപ്പള വഴി കന്യാനയിലേക്കാണ് ഓടിച്ചു പോയതെന്ന വിവരം ലഭിച്ചതോടെ കർണാടകയിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് വാഹന പരിശോധന ആരംഭിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയില്‍ രാത്രി ഒമ്പത് മണിയോടെ സുങ്കതകട്ടയില്‍ പൊലീസ് സംഘത്തെക്കണ്ട അക്രമിസംഘം ഗള്‍ഫുകാരനെ കാറില്‍നിന്ന് ഇറക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചന. സിദ്ദീഖിനെ കുമ്പള സ്റ്റേഷനിലെത്തിച്ച്‌ മൊഴിയെടുത്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.