പൊളിക്കൽ അനാദരവെന്ന് ശിൽപിയുടെ ബന്ധുക്കൾ; ആരോപണം ശരിയല്ലെന്ന് ചേംബർ പയ്യന്നൂർ: പഴയ പൊലീസ് സ്റ്റേഷനു മുന്നിലെ ക്വിറ്റിന്ത്യ സമരസ്മാരകം പൊളിച്ച് പുതിയ സ്തൂപം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. സ്തൂപം പൊളിച്ച് പുതിയത് നിർമിക്കുന്നത് നിർമിച്ച ശിൽപിയോടുള്ള അനാദരവാണെന്ന് കാണിച്ച് കുടുംബം രംഗത്തെത്തിയതാണ് വിവാദത്തിന് കാരണമായത്. പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സാണ് 1993ൽ ശിൽപനിർമാണത്തിന് നേതൃത്വം നൽകിയത്. പാർലമൻെറിൽ എ.കെ.ജിയുടെ പ്രതിമ ഉൾപ്പെടെ രൂപകൽപന ചെയ്ത പ്രമുഖ കലാകാരൻ കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററാണ് ശിൽപം നിർമിച്ചത്. എന്നാൽ, കാലപ്പഴക്കത്താൽ കോൺക്രീറ്റ് ശിൽപം പൊട്ടാൻ തുടങ്ങിയതോടെയാണ് പൊളിച്ച് പുതിയത് നിർമിക്കാൻ ചേംബർ ഓഫ് കോമേഴ്സ് തീരുമാനിച്ചത്. ഇതിനെതിരെയാണ് നാരായണൻ മാസ്റ്ററുടെ മകനും യുവശിൽപിയുമായ ചിത്രൻ കുഞ്ഞിമംഗലം രംഗത്തെത്തിയത്. ശിൽപത്തിന് കാര്യമായ പരിക്കില്ലെന്നും അറ്റകുറ്റപ്പണി നടത്തി നിലനിർത്താൻ കഴിയുമെന്നും ചിത്രൻ പറയുന്നു. എന്നാൽ, വിവാദത്തിൽ കഴമ്പില്ലെന്ന് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.യു. വിജയകുമാർ പറഞ്ഞു. ശിൽപത്തിന് കാലപ്പഴക്കം കാരണം വിള്ളൽ വന്നത് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു. ഏതെങ്കിലും സംഘടനകൾ പുനർനിർമിക്കുമെന്നാണ് കരുതിയത്. ആരും മുന്നോട്ടുവരാത്തതിനാൽ നിർമാണനിർവഹണം നിർവഹിച്ച ചേംബർ തന്നെ പൊളിച്ചുമാറ്റി പുതിയ ശിൽപം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ചിത്രൻ കുഞ്ഞിമംഗലത്തെ അറിയിക്കുകയും പുതിയ ശിൽപം നിർമിക്കാൻ ആവശ്യപ്പെടുകയുംചെയ്തിരുന്നു. എന്നാൽ, മൂന്നാഴ്ച കഴിഞ്ഞിട്ടും മറുപടി നൽകാത്തതിനാൽ ക്വിറ്റിന്ത്യ ദിനത്തിനു മുമ്പ് പൊളിച്ച് പുതിയ ശിൽപം നിർമിക്കാൻ മറ്റൊരു ശിൽപിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ചിത്രൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആവശ്യപ്പെട്ട തുക നൽകിയാണ് പണ്ട് ശിൽപം നിർമിച്ചതെന്നും അതുകൊണ്ട് പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നതിനുള്ള ചേംബർ തീരുമാനത്തിൽ തെറ്റില്ലെന്നും വിജയകുമാർ പറയുന്നു. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഒരുകോടി രൂപയോളം ചെലവഴിച്ച് പുനർനിർമാണം നടത്തിയിരുന്നു. ഇതിനു മുന്നിലാണ് സ്മാരകസ്തൂപവും പതാകയേന്തിയ സമരഭടൻെറ ശിൽപവുമുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.