മരിച്ചവരോടും വേണോ അവഗണന..?

ശ്രീകണ്ഠപുരം നഗരസഭയുടെ ഏക പൊതുശ്മശാനത്തിനാണ് അവഗണന ശ്രീകണ്ഠപുരം: ചേപ്പറമ്പിലുള്ള നഗരസഭ പൊതുശ്മശാനത്തിനോട് കാണിക്കുന്നത് തികഞ്ഞ അവഗണന. മരിച്ചവരോടെങ്കിലും കരുണ കാട്ടണമെന്ന് പ്രദേശവാസികൾ പറയാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു. മൃതദേഹം സംസ്കരിക്കാനെത്തുന്നവർക്കെല്ലാം നഗരസഭ ഈ പൊതുശ്മശാനത്തോട് കാണിക്കുന്ന അവഗണന മനസ്സിലാകും. പ്രവേശന കവാടത്തിൽ സാമൂഹികവിരുദ്ധർ തകർത്ത ഗേറ്റ് പുനഃസ്ഥാപിച്ചില്ല. പ്രവേശന കവാടത്തിനടുത്ത് ഒരു ഷെഡുണ്ടെങ്കിലും ഒന്നിനും വാതിലില്ല. രാത്രിയിൽ സാമൂഹികവിരുദ്ധരും മദ്യപരുമാണ് ശ്മശാനം കൈയടക്കുന്നത്. അര ഏക്കർ സ്ഥലമുള്ള ശ്മശാനം കാടുമൂടിക്കിടക്കുകയാണ്. ശവസംസ്കാര ചടങ്ങുകൾക്കെത്തുന്നവർ ഇവിടെ കടുത്ത അസൗകര്യത്തിലാണ്. വൈദ്യുതിയോ വെള്ളമോ ഇല്ല. ഏതൊക്കെ മൃതദേഹമാണ് ഇവിടെ സംസ്കരിക്കുന്നതെന്ന് നഗരസഭക്കുമറിയില്ല. ഏത് അജ്ഞാത മൃതദേഹവും ഇവിടെ സംസ്കരിക്കാമെന്ന അവസ്ഥയാണ്. നഗരസഭ സ്ഥാപിച്ച ബോർഡിന് സമീപം എഴുതിവെച്ച ശ്മശാന ജീവനക്കാരൻെറ മൊബൈൽ നമ്പറിൽ വിളിച്ച് അനുമതി ലഭിച്ചാൽ ഏത് മൃതദേഹവും ഇവിടെ സംസ്കരിക്കാം. ഇതിനായി ഒരു അനുമതിയും നഗരസഭയിൽനിന്ന് ആവശ്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭയിൽ ചരമം രജിസ്റ്റർചെയ്യുന്നത് മാത്രമാണ് ആകെ സൂക്ഷിക്കുന്ന രേഖ. ഗ്യാസ് സൗകര്യമുള്ള ശ്മശാനമായി ചേപ്പറമ്പിലെ പൊതുശ്മശാനത്തെ മാറ്റുമെന്ന് നഗരസഭ പലതവണ അറിയിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. നഗരസഭയുടെ ഏക പൊതുശ്മശാനമായിരുന്നിട്ടും ഒരു വികസന പ്രവർത്തനങ്ങളും ഇവിടെ നടത്താത്തത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.