പൊലീസ് സേനയുടെ പ്രവർത്തന പോരായ്മയുടെ പഴി സർക്കാറിനായിരിക്കും -ഇ.പി. ജയരാജൻ

കല്യാശ്ശേരി: വളരെ ജാഗ്രതയോടെയും കരുതലോടെയും പ്രവർത്തിക്കേണ്ട പൊലീസ് സേനയുടെ പോരായ്മകൾക്ക് പഴി കേൾക്കേണ്ടി വരുന്നത് സർക്കാറാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. കേരള പൊലീസ് അസോസിയേഷൻ കെ.എ.പി നാലാം ബറ്റാലിയൻെറ ജില്ല സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന് നൽകിയ സംഘടന സ്വാതന്ത്ര്യവും കരുതലോടെ വിനിയോഗിക്കണം. പൊലീസിൻെറ നടപടികൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നവരാണ് കൂടുതലും. പൊലീസുകാർക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ നടന്ന സംഭവം പൊലീസിനേറ്റ വലിയ കളങ്കമാണ്. മാധ്യമങ്ങൾക്ക് അവരുടേതായ അജണ്ടകളുണ്ട്. അവർ എപ്പോഴും സെൻസിറ്റിവ് വാർത്തകളിലൂടെ മാർക്കറ്റ് കൈയടക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, പൊലീസ് സേന യഥാർഥ വസ്തുതകൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. സേനയിലെ ചെറിയവിഭാഗം ഇപ്പോഴും അഴിമതിയിൽനിന്ന് മുക്തമല്ല. അതിനാൽ കണ്ണും കാതും കൊടുത്ത് വളരെ കാര്യക്ഷമതയോടെ പക്ഷപാതിത്വമില്ലാത്ത പൊലീസ് സേനയെ ഒരുക്കിയെടുക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊലീസ് സേനയെ ശാസ്ത്രീയമായി ഉയർത്തി എല്ലാത്തരം ഒഴിവുകൾ നികത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. 3000 തസ്തികകളിൽ നിയമനം നടത്തി. 1873 താൽക്കാലിക ഒഴിവുകൾ നികത്തുകയും അർഹതപ്പെട്ടവർക്കെല്ലാം സ്ഥാനക്കയറ്റവും സർക്കാർ നൽകിയതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ അസോസിയേഷൻ കെ.എ.പി നാലാം ബറ്റാലിയൻ ജില്ല പ്രസിഡൻറ് പി.വി. റനീഷ് അധ്യക്ഷത വഹിച്ചു. കെ.എ.പി കമാൻഡൻറ് യു. അബ്ദുൽ കരീം ചടങ്ങിൽ പങ്കെടുത്തു. ടി.കെ. രത്നകുമാർ, എ. ശ്രീനിവാസൻ, സി.എഫ്. സിബി, എം. ഹരി, ടി.എസ്. ബൈജു, പി.വി. രാജേഷ്, എം.വി. അനിരുദ്ധ് എന്നിവർ സംസാരിച്ചു. ടി.വി. ധനേഷ് അനുശോചന പ്രമേയവും പി.ജി. അനിൽകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പി.വി. സിജു പ്രവർത്തന റിപ്പോർട്ടും സി. ജയന്ത് പ്രമേയങ്ങളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.