തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലുണ്ടായ സംഘർഷത്തിന് പിന്നിൽ യൂനിറ്റിൻെറ നിയന്ത്രണം കൈക്കലാക്കാനുള്ള വ ടംവലിയെന്നും ആക്ഷേപം. എസ്.എഫ്.െഎ യൂനിറ്റ് 'പിടിക്കാനു'ള്ള ജില്ല നേതൃത്വത്തിലെ ചിലരുടെ ചരടുവലിയാണ് പ്രശ്നം ഇത്രയും വഷളാക്കിയതത്രെ. സി.പി.എം ജില്ല നേതൃത്വത്തിലെ ചിലർ നൽകിയ നിർലോഭപിന്തുണയാണ് കാര്യങ്ങൾ കത്തിക്കുത്തിലെത്തിച്ചത്. യൂനിറ്റിലെ ഒരുവിഭാഗം നേതാക്കളുടെ തന്നിഷ്ടത്തിനുള്ള പ്രവർത്തനം തടയുന്നതിൽ സംഘടനയുടെ ചുമതലയുണ്ടായിരുന്ന മുൻനേതാവിന് വീഴ്ചയുണ്ടായി. എസ്.എഫ്.െഎ വഞ്ചിയൂർ ഏരിയ മുൻ പ്രസിഡൻറിന് അടക്കം മർദനമേറ്റതിലെ പരാതിയിലും പാർട്ടി നേതാവ് പക്ഷപാതപരമായി ഇടപെട്ടു. പരാതിക്കാർ എസ്.എഫ്.െഎ ജില്ല നേതൃത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. യൂനിറ്റ് നേതാക്കളുടെ വഴിവിട്ട പോക്കിെനതിരെ ശബ്ദമുയർത്തുന്നവർ പുറത്താകുമെന്ന നിലവന്നു. പരാതിക്കാരെ ശാരീരികമായി നേരിടാൻ ഇത് യൂനിറ്റ് നേതാക്കൾക്ക് അവസരമൊരുക്കി. ഏഴ് വർഷം മുമ്പ് കോളജിലെ എസ്.എഫ്.െഎ യൂനിറ്റിൻെറ ചുമതല വഞ്ചിയൂർ എസ്.എഫ്.െഎ ഏരിയ കമ്മിറ്റിക്കായിരുന്നു. എന്നാൽ പാർട്ടിയിലെ ഗ്രൂപ് സമവാക്യത്തിൻെറ ഭാഗമായി പാളയം ഏരിയ കമ്മിറ്റിക്ക് കൈമാറി. സി.പി.എം, എസ്.എഫ്.െഎ ജില്ല നേതൃത്വം പിണറായി പക്ഷത്തായപ്പോഴും വി.എസ് പക്ഷത്തിൻെറ നിയന്ത്രണത്തിലായിരുന്നു എസ്.എഫ്.െഎ പാളയം ഏരിയ കമ്മിറ്റി. ഇതോടെ കോളജ് യൂനിറ്റിൻെറ ചുമതല ജില്ല കമ്മിറ്റി നേരിട്ട് ഏറ്റെടുത്തു. അങ്ങനെയാണ് ജില്ല നേതൃത്വത്തിലെ സ്ഥാനം ഒഴിയുന്ന നേതാക്കളിൽ ചിലർ കോളജ് രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. സംഘർഷമുണ്ടായ വെള്ളിയാഴ്ച ഒരു മുൻ ജില്ല സെക്രട്ടറി കോളജിൽ ഉണ്ടായിരുെന്നന്ന ആക്ഷേപമുണ്ട്. ഇതിനിടെ മാസങ്ങൾക്ക് മുമ്പ് യൂനിറ്റിൻെറ നിയന്ത്രണം വീണ്ടും പാളയം ഏരിയ കമ്മിറ്റിക്ക് നൽകിയത് കോളജിലെ 'നേതാക്കൾക്ക്' തിരിച്ചടിയായി. കോളജ് രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന ജില്ലയിലെ ചില മുൻ എസ്.എഫ്.െഎ നേതാക്കൾക്കും ചുമതല ജില്ല കമ്മിറ്റിക്ക് വേണമെന്ന താൽപര്യമായിരുന്നു. കോളജിൽ സംഘർഷം സൃഷ്ടിക്കാനും പാളയം ഏരിയ കമ്മിറ്റിയുടെ പിടിപ്പുകേട് ഉയർത്തി നിയന്ത്രണം കൈമാറാനും തിരക്കഥ അണിയറയിൽ ഒരുക്കുകയായിരുെന്നന്നാണ് ആക്ഷേപം. അഖിലുമായുള്ള സംഘർഷം വരെ ഇതിൻെറ ഭാഗമായിരുന്നുവത്രെ. പക്ഷേ, കൈവിട്ട കളിയിൽ എല്ലാം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.