രാഷ്​ട്രീയ വിരോധം കൊന്നുതീര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം -എം. സ്വരാജ്

പയ്യന്നൂര്‍: രാഷ്ട്രീയ വിരോധങ്ങള്‍ കൊലപാതകത്തിലൂടെ തീര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എം. സ്വരാജ് എം.എല്‍.എ. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ സി.വി. ധനരാജ് അനുസ്മരണം 'രക്തസാക്ഷ്യം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ സമാധാനം പുലരുകയുള്ളു. എല്ലാവരുടെയും പിശകുകള്‍ വിമര്‍ശിക്കപ്പെടണം. അതിന് കായികമായ സംഘര്‍ഷ രീതികളെ പിന്തുടരാതെ ജനാധിപത്യ സംവിധാനത്തിലൂടെ മുന്നോട്ടുപോവുകയാണ് വേണ്ടത്. ഇടതുപക്ഷം കൊലപാതകികളെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരിക്കലും ഡി.വൈ.എഫ്.ഐ കൊലപാതകങ്ങളെ ന്യായീകരിച്ചിട്ടില്ല. മാനവികതയുടെ രാഷ്ട്രീയമാണ് ഡി.വൈ.എഫ്.ഐ പിന്തുടരുന്നത്. തുടരെ തുടരെയുള്ള ഏകപക്ഷീയമായ ആക്രമണങ്ങള്‍ ചെറുത്തു നില്‍പുകള്‍ക്ക് കാരണമാക്കിയിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കിയിട്ടുണ്ട്. ഏകാധിപതികള്‍ക്ക് കാലം കാത്തുവെച്ചത് കടുത്ത പരിണിത ഫലങ്ങളാണ്. നമ്മുടെ രാജ്യവും ഒരിക്കല്‍ ഉയിര്‍ത്തെഴുന്നേൽക്കുമെന്നും സ്വരാജ് പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഐ. മധുസൂദനന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് എം. വിജിന്‍, സി.പി.എം ജില്ല കമ്മിറ്റിയംഗം പി. സന്തോഷ്, ഏരിയ സെക്രട്ടറി കെ.പി. മധു, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സരിന്‍ ശശി, ജില്ല വൈസ് പ്രസിഡൻറ് എ.വി. രഞ്ജിത്ത്, ജില്ല കമ്മിറ്റിയംഗം പി.പി. അനിഷ, ബ്ലോക്ക് ട്രഷറര്‍ ടി.പി. അനൂപ്, ബ്ലോക്ക് സെക്രട്ടറി ജി. ലിജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.