തളിപ്പറമ്പ്: വിദ്യാഭ്യാസ ബന്ദിനിടെ ക്ലാസ് വിടാത്തതിനെ തുടർന്ന് തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളി ൽ കെ.എസ്.യു പ്രതിഷേധം. പ്രതിഷേധം ഏറെനേരം തുടർന്നതിനാൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആചരിച്ചത്. എന്നാൽ, ബന്ദിനിടയിലും തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസുകൾ പതിവുപോലെ പ്രവർത്തിച്ചിരുന്നു. ഇതറിഞ്ഞ് ഉച്ചക്ക് കെ.എസ്.യു പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. എന്നാൽ, സമര ദിനങ്ങളിൽ സ്കൂൾ വിടേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരുന്നതായി സ്കൂൾ അധികൃതർ സമരക്കാരെ അറിയിച്ചു. തുടർന്നും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു. അതോടെ സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് എസ്.ഐ കെ.പി. ഷൈനിൻെറ നേതൃത്വത്തിലാണ് പൊലീസ്, പ്രവർത്തകരെ നീക്കം ചെയ്തത്. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് സി.ടി. അഭിജിത്ത്, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻറ് ജ്യോതിഷ് ബാലകൃഷ്ണൻ, കെ. അഭിഷേക്, സൂരജ് പരിയാരം എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിൽ പ്രതിഷേധിച്ച് വൈകീട്ട് കെ.എസ്.യു പ്രവർത്തകർ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.