കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്:​ തായിനേരി സ്‌കൂളില്‍ സംഘര്‍ഷം

പയ്യന്നൂര്‍: കെ.എസ്.യുവിൻെറ വിദ്യാഭ്യാസ ബന്ദില്‍ തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സംഘര്‍ഷം. മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയും സ്‌കൂള്‍ പി.ടി.എ ഭാരവാഹിയുമായ ലത്തീഫ് കോച്ചൻ (47), വിദ്യാര്‍ഥികളായ തായിനേരിയിലെ മുഹമ്മദ് സുഹൈദ് (17) എന്നിവരെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ഹോസ്പിറ്റലിലും അന്നൂരിലെ അഭിനേഷ് (20), മാത്തിലിലെ ശരണ്‍ (20), കാറമേലിലെ കശ്യപ് (20) എന്നിവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയിലും നുദ്‌റത്തിനെ (17) സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകളുമായി സ്‌കൂളിലെത്തിയതായിരുന്നു ലത്തീഫ് കോച്ചന്‍. പൊട്ടിയ ജനല്‍ ചില്ലുകൊണ്ടാണ് നുദ്‌റത്തിന് പരിക്കേറ്റത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ െപാലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തിയത്. തായിനേരി എസ്.എ.ബി.ടി.എം സ്‌കൂളില്‍ കെ.എസ്.യു വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം നടത്തുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പുറേമനിന്നെത്തിയ നാല്‍പതോളം പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു. പഠിപ്പുമുടക്ക് സമരത്തിൻെറ പേരില്‍ കെ.എസ്.യു പ്രവര്‍ത്തിക്കാത്ത തായിനേരി സ്‌കൂളില്‍ സമരം നടത്താനുള്ള നീക്കത്തെ ചോദ്യംചെയ്ത വിദ്യാർഥികളെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടേറിയറ്റ് പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഗുണ്ടാവിളയാട്ടങ്ങള്‍ ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. ഇല്ലാത്തപക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ഏരിയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കെ.എസ്.യു വിദ്യാര്‍ഥികളേയും നേതാക്കളേയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിൻെറ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.