പെരിങ്ങത്തൂർ: മാലിന്യനിക്ഷേപത്താൽ പൊറുതിമുട്ടി പെരിങ്ങത്തൂർ ടൗൺ. പാനൂർ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നായ പെരി ങ്ങത്തൂരിൽ മാലിന്യനിക്ഷേപം വ്യാപിക്കുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും വ്യാപക പരാതി. അശാസ്ത്രീയമായ മാലിന്യനിക്ഷേപമാണിവിടെ നടക്കുന്നത്. രാത്രികാലങ്ങളിൽ പലരും പലവിധ മാലിന്യങ്ങളും കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുകയാണ്. രൂക്ഷമായ മാലിന്യനിക്ഷേപത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോണെടുക്കാത്ത സമീപനമാണ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിനു മുന്നിലെ പോസ്റ്റ്ഓഫിസിൻെറ സ്ഥലത്ത് കൊണ്ടിട്ട മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. പെരിങ്ങത്തൂർ ടൗണിലെ ആളൊഴിഞ്ഞ ഇടനാഴികളിലെല്ലാം മാലിന്യം കൊണ്ടിട്ടിട്ടുണ്ട്. മാർക്കറ്റിലെ മലിനജലം കൃത്യമായ സംവിധാനമില്ലാത്തതിനാൽ പുഴയിലേക്ക് ഒഴുകുകയാണ്. മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സ്കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ എന്നിവർ പാനൂർ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്താനൊരുങ്ങുകയാണ്. പെരിങ്ങത്തൂരിലെ മാലിന്യപ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഒരു ഉപസമിതിയുണ്ടാക്കി അടിയന്തര സർവകക്ഷിയോഗം വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിനായി ഇറങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂർ ടൗൺ ജനറൽ സെക്രട്ടറി എൻ.പി. മുനീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.