തലശ്ശേരി: കാലവർഷം കണക്കിലെടുത്ത് തലശ്ശേരി-മാഹി ബൈപാസ് റോഡ് പണി രണ്ടുമാസത്തേക്ക് നിർത്തിവെക്കുന്നു. മഴയും ശക് തിയായ കാറ്റും തടസ്സമാകുന്നതിനാൽ റോഡിൻെറ നിർമാണപ്രവൃത്തിയാണ് തൽക്കാലം നിർത്തിവെക്കുന്നത്. കോൺക്രീറ്റ് പ്രവൃത്തി തുടരും. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും റോഡിൽ ചളി കെട്ടിനിൽക്കുന്നതുമുൾപ്പെടെയുള്ള പരാതി ഉയർന്നിരിക്കുകയാണ്. ഇതേതുടർന്നാണ് നിർമാണപ്രവൃത്തി ജൂൺ, ജൂലൈ മാസത്തേക്ക് നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. ബൈപാസ് നിർമാണത്തിൻെറ 30 ശതമാനം പ്രവൃത്തി ഇതുവരെ പൂർത്തിയായിട്ടുണ്ട്. മുഴപ്പിലങ്ങാട് ടോൾബൂത്തിൽനിന്ന് തുടങ്ങി കോഴിക്കോട് ജില്ല അതിർത്തിയായ അഴിയൂർ എക്‌സൈസ് ചെക്ക്പോസ്റ്റ് വരെയാണ് ബൈപാസ് നിർമിക്കുന്നത്. 18.6 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് ലക്ഷ്യമിടുന്നത്. മുഴപ്പിലങ്ങാട് മുതൽ പാറാൽവരെ കണ്ണൂർ ജില്ലയിൽ 11 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ പ്രവൃത്തി ആരംഭിച്ചത്. രണ്ടാംഘട്ട പ്രവൃത്തിയും പിന്നീട് തുടങ്ങി. നിലവിലുള്ള ചില പ്രധാന റോഡുകളിൽ കൂടിയാണ് ബൈപാസ് കടന്നുപോവുക. കൊളശ്ശേരി, കൂത്തുപറമ്പ് റോഡിൽ എരഞ്ഞോളി, മേലൂർ റോഡിൽ ചിറക്കുനി, മനേക്കര റോഡിൽ ഇല്ലത്ത്താഴ എന്നീ റോഡുകളിലൂടെ ബൈപാസ് കടന്നുപോകും. ഇവിടെ റോഡിൽ മേൽപാലത്തിലൂടെയാണ് ബൈപാസ് കടന്നുപോവുക. രണ്ടരവർഷമാണ് നിർമാണ കാലാവധി. 883 കോടി രൂപയാണ് ബൈപാസിന് മതിപ്പുചെലവ് കണക്കാക്കിയത്. തലശ്ശേരി-മാഹി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നാല് പതിറ്റാണ്ട് മുമ്പ് ആവിഷ്‌കരിച്ചതാണ് നിർദിഷ്ട പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.