പയ്യന്നൂർ: ഗെയിൽ വാതക പൈപ്പ്ലൈൻ കടന്നുപോയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. മുൻകാലങ്ങളിൽ സുലഭമായി വെള്ളം ലഭിച്ച പ്രദേശങ്ങൾ ഈ വർഷം വറ്റിവരണ്ടതായി നാട്ടുകാർ പറയുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പൈപ്പിട്ട വയലോരങ്ങളിലെ കിണറുകളും കുളങ്ങളും പുഴകളും ഇക്കുറി നേരത്തെതന്നെ വറ്റിവരണ്ടതായി നാട്ടുകാർ പറയുന്നു. പയ്യന്നൂർ നഗരസഭയുടെ കിഴക്കേ അതിർത്തി പ്രദേശമായ മണിയറയുടെ ജലസുരക്ഷയായ പുഴ വറ്റിവരണ്ടു. നഗരസഭയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ മണിയറ വയലിൽ കൃഷിക്ക് വെള്ളമെത്തിക്കുന്നതിന് ഈ പുഴയെയാണ് ആശ്രയിച്ചിരുന്നത്. അതിനായി ഇവിടെ അണക്കെട്ടുമുണ്ട്. നേരത്തേ ഉണ്ടായ അണക്കെട്ട് തകർന്നതിനെ തുടർന്ന് ഈ അടുത്തകാലത്ത് പുതിയത് നിർമിച്ചിരുന്നു. അതിന് അറ്റകുറ്റപ്പണിയും നടത്തി. പക്ഷേ, വെള്ളം മാത്രമില്ല. ഏതു കൊടുംവേനലിലും ഈ പുഴ ഇങ്ങനെ വറ്റിവരണ്ടതായി ഓർമയിലില്ലെന്ന് പഴയ തലമുറയിലെ കൃഷിക്കാർ പറയുന്നു. ഗെയിൽ പൈപ്പിടുന്നതിന് അമ്പതോളം മീറ്റർ അകലെ പുഴക്ക് സമാന്തരമായി പുഴെയക്കാൾ ഏറെ താഴ്ചയിൽ വയലിലൂടെ കുഴിയെടുത്തിരുന്നു. കുഴി പൈപ്പിട്ട് മൂടിയെങ്കിലും ഇത് കരവലിച്ചിലിനിടയാക്കിയതാവാം പുഴ ഇങ്ങനെ വരളാൻ കാരണമായതെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പുഴയുടെ ഇരുകരകളിലും ഇതുവരെ വറ്റാത്ത കിണറുകളിൽവരെ ഇപ്പോൾ വെള്ളമില്ലാത്ത സ്ഥിതിയാണ്. ജപ്പാൻ കുടിവെള്ള സംവിധാനവും നഗരസഭയുടെ നേതൃത്വത്തിൽ ചില ദിവസങ്ങളിൽ വണ്ടികളിൽ എത്തിക്കുന്ന കുടിവെള്ളവും മാത്രം ആശ്രയിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. കടന്നപ്പള്ളി വില്ലേജിലെ സ്ഥിതിയും വിഭിന്നമല്ല. എല്ലാകാലത്തും ഈർപ്പം നിലനിന്ന കൊക്കോട്ടുവയൽ വരണ്ടുണങ്ങി. കിഴക്കേക്കര, കോട്ടത്തുംചാൽ, തെക്കേക്കര പ്രദേശങ്ങളിൽ വയലോരത്തെ കിണറുകൾ വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളെ അപേക്ഷിച്ച് പൈപ്പ് കടന്നുപോയ വയലോരങ്ങളിലെ ഇതുവരെ ഏതു വേനലിലും വറ്റാത്ത കിണറുകളാണ് ഇക്കുറി നേരത്തെ വറ്റിവരണ്ടത്. വരുംകാലങ്ങളിലും ഇതാവർത്തിച്ചാൽ കടുത്ത ജലക്ഷാമം കൊണ്ട് ജനങ്ങൾ ദുരിതത്തിലാകുന്ന സ്ഥിതിയായിരിക്കുമെന്നും അതുകൊണ്ട് പഠനം നടത്തി പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.