കള്ളവോട്ട്​: 11 മുസ്​ലിം ലീഗ്​ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തെന്ന പരാതിയെ തുടർന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല കലക് ടർ മിർ മുഹമ്മദലി നോട്ടീസയച്ച് വിളിച്ചുവരുത്തിയ 13 മുസ്ലിം ലീഗ് പ്രവർത്തകരിൽ 11 പേരുടെ മൊഴി രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് 11 ലീഗ് പ്രവർത്തകർ കലക്ടറേറ്റിലെത്തിയത്. തങ്ങൾ കംപാനിയൻ വോട്ട് മാത്രമാണ് ചെയ്തതെന്ന് ഇവർ മൊഴി നൽകിയതായാണ് വിവരം. കുറ്റാരോപിതരുടെ മൊഴിയും വെബ്കാസ്റ്റിങ് ദൃശ്യങ്ങളും സംബന്ധിച്ച വിശദ അന്വേഷണത്തിനുശേഷം ചൊവ്വാഴ്ച തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ജില്ല കലക്ടർ റിപ്പോർട്ട് സമർപ്പിക്കും. കണ്ണൂർ ലോക്സഭ മണ്ഡലത്തിൻെറ ഭാഗമായ തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ‌്കൂളിലെ 166ാം ബൂത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. 28 പ്രവാസികളുടെ വോട്ടുകൾ കള്ളവോട്ടായി ചെയ്തെന്നുകാണിച്ച് സി.പി.എം നേതൃത്വമാണ് പരാതി നൽകിയത്. സി.പി.എം സ്ഥാനാർഥിയുടെ ബൂത്ത് ഏജൻറ് ഉൾപ്പെടെയുള്ളവരിൽ നിന്ന് കഴിഞ്ഞദിവസം മൊഴിയെടുത്തിരുന്നു. തുടർന്ന് വിഡിയോ ദൃശ്യങ്ങൾ പരിേശാധിക്കുകയും ചെയ്തതിനു ശേഷമാണ് ലീഗ് പ്രവർത്തകരോട് കലക്ടർക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്. അതിനിടെ, കള്ളവോട്ടുകൾ സംബന്ധിച്ച കൂടുതൽ പരാതികൾ കലക്ടറേറ്റിലെത്തുന്നുണ്ട്. പേരാവൂർ, മട്ടന്നൂർ നിയമസഭ മണ്ഡലങ്ങളിൽ ഇരട്ടവോട്ടുള്ള യുവാവ് രണ്ട് വോട്ടുകളും ചെയ്തതായി ബി.ജെ.പി ബൂത്ത് ഏജൻറ് എം. മോഹനൻ തിങ്കളാഴ്ച കലക്ടർക്ക് പരാതി നൽകി. കൊളച്ചേരി നണിയൂർ നമ്പ്രത്തെ ബൂത്ത് നമ്പർ 160, ഇ.പി.കെ.എൻ.എസ് സ്കൂളിലെ 155ാം ബൂത്ത് എന്നിവിടങ്ങളിലായി രണ്ട് വീതം കള്ളവോട്ടുകളെക്കുറിച്ച് കോൺഗ്രസ് നേതൃത്വവും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.