ഇരിക്കൂർ നിയമസഭ മണ്ഡലം യു.ഡി.എഫിൻെറ കോട്ട; മണ്ഡലത്തിൻെറ മനസ്സിളകിയെന്ന് എൽ.ഡി.എഫ് പി. മനൂപ് ശ്രീകണ്ഠപുരം: കുടിയേറ്റ കർഷക മണ്ണായ ഇരിക്കൂർ നിയോജക മണ്ഡലം യു.ഡി.എഫിൻെറ ഉരുക്കുകോട്ടയാണ്. ഇ.കെ. നായനാരെ വിജയിപ്പിച്ച പരമ്പര്യമുള്ള ഇരിക്കൂർ പിന്നീട് യു.ഡി.എഫിൻെറ കുത്തക മണ്ഡലമായി മാറുകയായിരുന്നു. കഴിഞ്ഞ 37 വർഷമായി കോൺഗ്രസിലെ കെ.സി. ജോസഫാണ് ഇരിക്കൂറിൻെറ ജനപ്രതിനിധി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കെ.സിക്കെതിരെ രൂപപ്പെട്ട എതിർപ്പ് നേട്ടമാക്കാൻ എൽ.ഡി.എഫ് കിണഞ്ഞു ശ്രമിെച്ചങ്കിലും കഴിഞ്ഞില്ല. എന്നാൽ, ഭൂരിപക്ഷം കുറക്കുന്നതിന് സി.പി.എമ്മിനായി. ഇൗ തെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള വിള്ളലുകളാണ് എൽ.ഡി.എഫ് നോട്ടമിടുന്നത്. 1977ലാണ് ഇന്നുള്ള രീതിയിൽ ഇരിക്കൂർ മണ്ഡലം രൂപപ്പെട്ടത്. കന്നിയങ്കത്തിൽ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ എതിരാളി സെബാസ്റ്റ്യനെ മുട്ടുകുത്തിച്ചു. ഇതോടെ ഇരിക്കൂറിൻെറ വലതു ചായ്വ് പ്രകടമായി. എന്നാൽ, '79ൽ കോൺഗ്രസ് എ ഗ്രൂപ്പിൻെറ പിന്തുണയിൽ കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ എതിരാളിയായ കോൺഗ്രസിലെ ഡോ. കെ.സി. ജോസഫിനെ തോൽപിച്ചപ്പോൾ വിജയം ഇടതിൻെറ പട്ടികയിലായി. 1982 മുതൽ പിന്നീട് ഇരിക്കൂറിന് പറയാൻ ഒരു കഥ മാത്രം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽനിന്ന് അങ്കം പയറ്റാൻ ഇരിക്കൂറിലെത്തിയ കെ.സി. ജോസഫിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. '82ൽ കന്നിയങ്കത്തിൽ ജനതാദളിലെ എസ്.കെ. മാധവനെ മലർത്തിയടിച്ചാണ് കെ.സി. ജോസഫ് കോൺഗ്രസിൻെറ വിജയ ചരിത്രം രചിച്ചു തുടങ്ങിയത്. '87ൽ സി.പി.എമ്മിലെ തീപ്പൊരി നേതാവായ ജയിംസ് മാത്യുവിനെയിറക്കി പൂഴിക്കടകൻ പയറ്റിയെങ്കിലും കനത്ത മത്സരത്തിനൊടുവിൽ വിജയം ജോസഫിനു തന്നെയായിരുന്നു. 1991ൽ കേരള കോൺഗ്രസിലെ ജോർജ് സെബാസ്റ്റ്യനെയും '96ൽ കേരള കോൺഗ്രസിലെ അഡ്വ.എ.ജെ. ജോസഫിനെയും 2001ൽ ഇടതു സ്വതന്ത്ര മേഴ്സി ജോണിനെയും തകർത്തെറിഞ്ഞ് കെ.സി. ജോസഫ് മുന്നേറി. 2006ൽ വീണ്ടും സി.പി.എമ്മിലെ ജയിംസ് മാത്യു എതിരാളിയായി. കാലിടറുമെന്ന ഭീതിയുണ്ടായെങ്കിലും ഫലം വന്നപ്പോൾ 1500 ൽ താഴെ മാത്രം ഭൂരിപക്ഷത്തിന് കെ.സി കഷ്ടിച്ച് കടന്നുകൂടി. 2011ൽ സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാറിനെ 11,757 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് കെ.സി. ജോസഫ് തോൽപിച്ചത്. 2016ൽ സി.പി.ഐയിലെ കെ.ടി. ജോസിനെ രംഗത്തിറക്കിയപ്പോൾ 9,816 വോട്ടിൻെറ ഭൂരിപക്ഷത്തിന് കെ.സി. ജയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 17,895 വോട്ടിൻെറ ലീഡ് ലഭിച്ചത് മണ്ഡലത്തിലെ യു.ഡി.എഫ് ശക്തി ഒന്നുകൂടി തെളിയിക്കുന്നതായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് മണ്ഡലം പുനർനിർണയം നടത്തിയപ്പോൾ ഇടതിൻെറ എതിരില്ലാ കോട്ടയായ മലപ്പട്ടം പഞ്ചായത്തിനെ തളിപ്പറമ്പ് മണ്ഡലത്തിലും പടിയൂർ കല്യാട് പഞ്ചായത്തിനെ മട്ടന്നൂർ മണ്ഡലത്തിലും പറിച്ചു നട്ടതോടെ ഇരിക്കൂർ മണ്ഡലം യു.ഡി.എഫിന് കൂടുതൽ ഭദ്രമായി. ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി, ഇരിക്കൂർ, ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇരിക്കൂർ മണ്ഡലം. ഇതിൽ ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി ഒഴികെയുള്ള ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. മാറിമറിയാറുള്ള ചെങ്ങളായി മാത്രമാണ് നിലവിൽ എൽ.ഡി.എഫ് ഭരണത്തിലുള്ളത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പോലും ഭൂരിപക്ഷം സമ്മാനിച്ചതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിലും വിജയവും ഭൂരിപക്ഷവും മികച്ചതാക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, മണ്ഡലത്തിൻെറ മനസ്സിളകിയിട്ടുണ്ടെന്നാണ് എൽ.ഡി.എഫ് പറയുന്നത്. 2009ൽ ഇടതു സ്ഥാനാർഥിക്കെതിരെ ഇരിക്കൂർ മണ്ഡലത്തിൽ കെ. സുധാകരന് 28,044 വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, 2014ൽ ഭൂരിപക്ഷം 22,155 ആയി കുറഞ്ഞു. ബാക്കി വോട്ടുകൾ ശ്രീമതിക്ക് അനുകൂലമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ വലതു കോട്ടയിൽ വിള്ളലുണ്ടാക്കി വോട്ടുകൾ പിടിക്കാനുള്ള കഠിനശ്രമത്തിലാണ് ഇടതുപക്ഷം. എന്നാൽ, പഴയ അബദ്ധം ഇനി സംഭവിക്കരുതെന്നും മുഴുവൻ വോട്ടും സ്വന്തമാക്കി ഇരിക്കൂറെന്ന കോട്ട കാത്തുകൊള്ളണമെന്നും യു.ഡി.എഫ് അണികൾക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശിയായ സി.കെ. പത്മനാഭനാണ് ബി.ജെ.പി സ്ഥാനാർഥിയെന്നതിനാൽ ഇരിക്കൂർ മണ്ഡലത്തിലെ കുറേ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷ അവർക്കുമുണ്ട്. മലയോര മണ്ണായതിനാൽ സ്ഥാനാർഥികളെല്ലാം ഇവിടെ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.