വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം: 18 വരെ അപേക്ഷിക്കാം

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പോളിങ് സ്റ്റേഷനുകളിലെത്താൻ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് കമീഷൻെറ നിര്‍ദേശ പ്രകാരമാണ് ഈ സംവിധാനം. വാഹന സൗകര്യമാവശ്യമുള്ള ഭിന്നശേഷിക്കാര്‍ അതത് വില്ലേജ് ഓഫിസുകളില്‍ ഫോണ്‍ മുഖാന്തരം ഏപ്രില്‍ 18വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ജില്ല വരണാധികാരി കൂടിയായ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പേര്, വിലാസം, ഫോണ്‍ നമ്പര്‍, പോളിങ് സ്റ്റേഷന്‍, വാഹനം എത്തേണ്ട സ്ഥലം എന്നിവ രജിസ്ട്രേഷന്‍ സമയത്ത് അറിയിക്കേണ്ടതാണ്. ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ അറിയിക്കുന്ന സ്ഥലങ്ങളില്‍നിന്ന് അവരെ വാഹനത്തില്‍ പോളിങ് സ്റ്റേഷനുകളിലെത്തിക്കുകയും വോട്ട് ചെയ്തതിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് വാഹനസൗകര്യം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രില്‍ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. അസി. കലക്ടര്‍ അർജുന്‍ പാണ്ഡ്യന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍, അഖില കേരള വികലാംഗ അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.