മാഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടർന്ന് റദ്ദാക്കിയ മാഹിയിലെ പടക്ക വ്യാപാര ലൈസൻസുകൾ പുനഃസ്ഥാപിക്കും. ഏപ്രിൽ ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ വ്യാപാരം നടത്താനാണ് അനുമതി. കഴിഞ്ഞദിവസം അധികൃതർ സ്ഥിരം ലൈസൻസുള്ള പടക്ക വ്യാപാര സ്ഥാപനങ്ങളെല്ലാം പൂട്ടി സീൽചെയ്തിരുന്നു. തുടർന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ പുതുച്ചേരി ജില്ല കലക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് പുതുച്ചേരി ജില്ല മജിസ്ട്രേറ്റ് കർശന ഉപാധികളോടെ താൽക്കാലികമായി പടക്ക ലൈസൻസ് അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. പടക്കങ്ങളും കരിമരുന്നുകളും സൂക്ഷിക്കുന്ന സ്ഥലത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം, അധികൃതർ നിത്യേന ദിവസവും സ്റ്റോക്ക് പരിശോധന നടത്തണം എന്നിവയാണ് നിബന്ധനകൾ. പടക്കങ്ങളും കരിമരുന്നുകളും നിയമവിരുദ്ധമായി ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഏപ്രിൽ 16 മുതൽ ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാവുന്നതുവരെ അധികൃതർ പടക്കകടകൾ സീൽ ചെയ്യും. ജനശബ്ദം മാഹിയും സി.പി.ഐ മാഹി മേഖല കമ്മിറ്റിയും ഇതേ ആവശ്യമുന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.