തലശ്ശേരി: ശബരിമല സംഭവവും തുടർന്നുണ്ടായ ഹർത്താലിനുമിടെ തലേശ്ശരിയിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതിയായി. ശനിയാഴ്ച രാത്രി പാറാൽ ജുമുഅത്ത് പള്ളിക്കടുത്ത ഖുവ്വത്തുൽ ഇസ്ലാം മദ്റസക്ക് നേരെയുണ്ടായ അക്രമ സംഭവമൊഴിച്ചാൽ മേഖലയിൽ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. ബി.ജെ.പി നടത്തിയ ഹർത്താലിനിടെയാണ് തലശ്ശേരിയിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ജനപ്രതിനിധികളുടെയും നേതാക്കളുടെയും വീടുകൾക്കുനേരെ ബോംബേറും ആക്രമണങ്ങളും നടമാടിയതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. സംഘർഷത്തെ തുടർന്ന് തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്തുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച രാത്രി 12 മണിയോടെ അവസാനിക്കും. ശനിയാഴ്ച അർധ രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. നാല് ദിവസത്തെ അക്രമസംഭവങ്ങളിൽ സി.പി.എം-ബി.ജെ.പി വിഭാഗത്തിൽപെട്ട പത്തോളം പേരുടെ വീടുകളും മൂന്നോളം സ്ഥാപനങ്ങളും അഞ്ചോളം വാഹനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. വി. മുരളീധരൻ എം.പിയുടെ എരഞ്ഞോളി വാടിയിൽ പീടികയിലെ തറവാട് വീട്, എ.എൻ. ഷംസീർ എം.എൽ.എയുടെ മാടപ്പീടികയിലെ വീട് എന്നിവയും ഇരുവിഭാഗത്തിലുള്ള മറ്റ് നേതാക്കളുടെയും വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ പ്രകടനത്തിനുനേരെ കല്ലെറിഞ്ഞതോടുകൂടി അക്രമം വീണ്ടും വ്യാപിക്കുകയായിരുന്നു. കല്ലേറിൽ രണ്ട് യുവതികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ അക്രമം വ്യാപിക്കാതിരിക്കാനാണ് തലശ്ശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ശനിയാഴ്ച രാവിലെ സംഘർഷ മേഖലകളിൽ പൊലീസ് റൂട്ട് മാർച്ചും നടത്തിയിരുന്നു. ജില്ല പൊലീസ് മേധാവി ശിവവിക്രം, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ തലശ്ശേരിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംഘർഷം നീങ്ങിയെങ്കിലും തലശ്ശേരിയിൽ പൊലീസ് സന്നാഹം തുടരുന്നുണ്ട്. സംഘർഷ പ്രദേശങ്ങളിൽ നൈറ്റ് പേട്രാളിങ്ങും ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.