കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട് ജില്ലയിലെ മുളിയാറില്‍ വരുന്നത് രാജ്യാന്തര നിലവാരത്തില്‍ പ്രകൃതിക്ക് ഇണങ്ങുന്നതരത്തിലുള്ള പുനരധിവാസ കേന്ദ്രം. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കലക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അവതരിപ്പിച്ചു. ദേശീയ-അന്തര്‍ദേശീയമായ പുനരധിവാസകേന്ദ്രങ്ങളെ മാതൃകയാക്കിയാണ് മുളിയാറിലെ പുനരധിവാസകേന്ദ്രം വിഭാവന ചെയ്തിരിക്കുന്നത്. 25 ഏക്കറിലുള്ള പദ്ധതിപ്രദേശം രണ്ടു ഭാഗമായാണ് സ്ഥിതി ചെയ്യുന്നത്. ഒരുഭാഗം 11 ഏക്കറും മറ്റൊരുഭാഗം 14 ഏക്കറുമാണ്. ഇടയില്‍ ഒരു റോഡ് കടന്നുപോകുന്നതിനാലാണ് രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നത്. ആകെ സ്ഥലത്തിെൻറ 40 ശതമാനമാണ് കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നതെങ്കിലും 90 ശതമാനം പ്രദേശവും പച്ചപ്പ് നിലനിര്‍ത്തി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ കഴിയുന്നരീതിയിലാണ് പുനരധിവാസകേന്ദ്രത്തിെൻറ രൂപരേഖ. പദ്ധതി പ്രദേശത്തുനിന്നുതന്നെ ലഭിക്കുന്ന ചെങ്കല്ല് ഉപയോഗിച്ചാകും കെട്ടിടനിര്‍മാണം. ക്ലിനിക്കോ ആശുപത്രിയോ പോലെ തോന്നാത്തരീതിയില്‍ ഒരു പാര്‍ക്കിെൻറ അന്തരീക്ഷമാകും ഇവിടെ അനുഭവപ്പെടുക. പുനരധിവാസകേന്ദ്രത്തെ അഞ്ചു കാറ്റഗറികളായി തിരിച്ചാകും ദുരിതബാധിതരെ പരിചരിച്ച് താമസിപ്പിക്കുന്നത്. ആദ്യകാറ്റഗറിയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സ്വയംപര്യാപ്തമാക്കുന്ന തരത്തിലുള്ള ഫോസ്റ്ററിങ് യൂനിറ്റാകും. രണ്ടാമത്തേത് 18 വയസ്സിന് മുകളിലുള്ള ദുരിതബാധിതരായ ഭിന്നശേഷിക്കാരായിട്ടുള്ളവര്‍ക്കുള്ള അസിസ്റ്റൻറ് ലിവിങ് സെൻററുകളാണ്. നാലോ അഞ്ചോ പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍കഴിയുന്ന തരത്തിലാണ് അസിസ്റ്റൻറ് ലിവിങ് സെൻററുകള്‍ ഒരുക്കുന്നത്. അസിസ്റ്റൻറ് ലിവിങ് സെൻററുകളില്‍ താമസിക്കാന്‍ പര്യാപ്തമാക്കുന്നതിനുള്ള ഹാഫ് വേ ഹോം ആണ് മൂന്നാമതായി വരുന്നത്. പൂര്‍ണമായും കിടപ്പിലായവര്‍ക്ക് വേണ്ടിയുള്ള ഹൈ ഡിപെന്‍ഡന്‍സി സെൻററുകളാണ് അടുത്തത്. അവസാന കാറ്റഗറിയാണ് ഷോര്‍ട്ട് സ്‌റ്റേ സെൻററുകള്‍. കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് അടിയന്തരമായി പുറത്തുപോകണമെങ്കില്‍ കിടപ്പിലായവരെ പരിചരിക്കുന്ന കേന്ദ്രമാണ് ഷോര്‍ട്ട് സ്‌റ്റേ സെൻറര്‍. തീര്‍ത്തും പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് പുനരധിവാസകേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 15നകം ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഉടന്‍തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.